ദില്ലി : യുക്രൈൻ അതിർത്തികളിലേക്ക് കേന്ദ്രമന്ത്രിമാരെ അയക്കും. യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് മേൽനോട്ടം വഹിക്കാനാണ് കേന്ദ്രമന്ത്രിമാരെ അതിർത്തികളിലേക്ക് അയക്കുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നാല് കേന്ദ്രമന്ത്രിമാരെയാണ് യുക്രൈനിന്റെ അയൽ രാജ്യങ്ങളിലേക്ക് അയക്കുന്നത്. ഹർദീപ് സിംഗ് പൂരി ,ജ്യോതിരാദിത്യ സിന്ധ്യ ,കിരൺ റിജിജു ,വികെ സിംഗ് എന്നിവരാണ് അയൽരാജ്യങ്ങളിലേക്ക് പോകുന്ന കേന്ദ്രമന്ത്രിമാർ. മന്ത്രിമാർ ‘ഓപ്പറേഷൻ ഗംഗ ‘ രക്ഷാദൗത്യം ഏകോപിപ്പിക്കുമെന്നും യോഗത്തിൽ തീരുമാനമായി. യുക്രൈൻ രക്ഷാദൗത്യം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ട്വന്റിഫോറിനോട് പറഞ്ഞു. പതിനാലായിരത്തോളം ഇന്ത്യൻ പൗരന്മാരെ ഇനി ഒഴിപ്പിക്കേണ്ടതുണ്ട്. ഓപ്പറേഷൻ ഗംഗയുടെ ആദ്യഘട്ടത്തിൽ യുക്രൈന്റെ പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ളവരെയാണ് ഒഴിപ്പിക്കുന്നത്. അടുത്ത ഘട്ടത്തിൽ കിഴക്ക്, തെക്ക് മേഖലകളിൽ കുടുങ്ങി കിടക്കുന്നവരെ രാജ്യത്ത് എത്തിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.