കീവ് : യുക്രെയ്ൻ തലസ്ഥാനമായ കീവിലും മറ്റു നഗരങ്ങളിലും ജനവാസ മേഖലകളിൽ ഉൾപ്പെടെ റഷ്യയുടെ വൻ മിസൈലാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഗൂഗിൾ മാപ് ലൈവ് ട്രാഫിക് യുക്രെയ്‌നിൽ താൽക്കാലികമായി നിർത്തിവച്ചു. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് നീക്കം. പ്രാദേശിക ഭരണകൂടത്തോടുൾപ്പെടെ ചർച്ച ചെയ്താണ് നടപടിയെന്നാണ് വിവരം. ഇതോടെ യുക്രെയ്‌നിലെ സ്ഥാപനങ്ങളെക്കുറിച്ചും തിരക്കേറിയ സ്ഥലങ്ങളെ കുറിച്ചുമുള്ള തത്സമയ വിവരങ്ങൾ രാജ്യാന്തര തലത്തിൽ ഇനി മുതൽ ലഭ്യമാകില്ല. യുക്രെയ്‌നിലെ ജനവാസമേഖലകളിൽ റഷ്യ വൻതോതിൽ ആക്രമണം അഴിച്ചുവിട്ടതിനെ തുടർന്നാണ് ഗൂഗിളിന്റെ നടപടി. റഷ്യൻസേനയെ ആശയക്കുഴപ്പത്തിലാക്കാൻ രാജ്യത്തുടനീളമുള്ള റോഡ് അടയാളങ്ങൾ നീക്കം ചെയ്യാൻ യുക്രെയ്ൻ ആരംഭിച്ചതിനു പിന്നാലെയാണിത്. റഷ്യൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനമായ ആര്‍ടിയെയും മറ്റു ചാനലുകളെയും പരസ്യവരുമാനം ലഭിക്കുന്നതിൽനിന്ന് ഗൂഗിൾ വിലക്കിയിരുന്നു. ഈ മാധ്യമങ്ങൾക്ക് അവരുടെ വെബ്‌സൈറ്റുകള്‍, ആപ്പുകള്‍, യുട്യൂബ് വിഡിയോകള്‍ എന്നിവയില്‍നിന്ന് പരസ്യവരുമാനം ലഭിക്കില്ലെന്ന് ഗൂഗിൾ അറിയിച്ചു.