പലരുചിയിലുള്ള സൂപ്പുകളുണ്ട്. ഭക്ഷണത്തിലെ മുഴുവന്‍ പോഷക ഉള്ളടക്കവും ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് സൂപ്പ്. സൂപ്പ് പാചകം ചെയ്യുമ്പോള്‍ പച്ച, ഓറഞ്ച്, ചുവന്ന പച്ചക്കറികള്‍ ഉപയോഗിക്കാന്‍ പോഷകാഹാര വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. കാരണം വിറ്റാമിന്‍ എ, സി, കെ എന്നിവപോലുള്ള വിറ്റാമിനുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതു കൊണ്ട് തന്നെ പല വിധത്തിലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് നമുക്ക് സൂപ്പ് ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പവും അത് പോലെ ആരോഗ്യകരവുമായ ഒരു സൂപ്പ് തയ്യാറാക്കിയാലോ.
തക്കാളി – 4 എണ്ണം (ചെറുതായി അരിഞ്ഞത്), ചെറുപയര്‍- അരക്കപ്പ്, സവാള – 3 എണ്ണം, പാല്‍ – 1 കപ്പ്, വെണ്ണ – 1 ടേബിള്‍ സ്പൂണ്‍, ഉപ്പ് ആവശ്യത്തിന്, മല്ലിയില – 1 ടീസ്പൂൺ, കുരുമുളക് പൊടി അര ടീസ്പൂൺ. തക്കാളി, ചെറുപയര്‍ എന്നിവ വെള്ളം ചേര്‍ത്ത് വേവിക്കുക. നല്ലതു പോലെ വെന്തുടഞ്ഞ ശേഷം തവി കൊണ്ട് നല്ല പോലെ ഉടച്ച് കട്ടയില്ലാതാക്കുക. ശേഷം വെണ്ണ ചൂടാക്കി ഇതിലേക്ക് സവാള ചേര്‍ത്തു വഴറ്റുക. ഇത് തവിട്ട് നിറമാകുമ്പോള്‍ ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന കൂട്ട് ഇതിലേക്ക് ചേര്‍ത്ത് നല്ലതുപോലെ ഇളക്കണം. ശേഷം പാല്‍ ചേര്‍ക്കാം. ഇത് സൂപ്പിന്റെ പാകത്തിനായി കഴിയുമ്പോള്‍ കുരുമുളക്, ഉപ്പ്, മല്ലിയില എന്നിവ ചേര്‍ത്ത് വിളമ്പുക.