തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ ഡിസിസി ഭാരവാഹി പട്ടിക തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ പ്രഖ്യാപിക്കും. സമവായ ശ്രമത്തിന്റ ഭാഗമായി കെ സുധാകരനും വി ഡി സതീശനും കൂടിക്കാഴ്ച്ച നടത്തി. ചില ജില്ലകളിൽ ഇനിയും ചർച്ച നടത്താനുണ്ട്. തിങ്കളാഴ്ച്ച ഇരു നേതാക്കളും വീണ്ടും ചർച്ച നടത്തും.
കരട് പട്ടികയിൻമേൽ സുധാകരനുമായി സതീശൻ അനുകൂലികൾ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇരു വിഭാഗങ്ങളും വിട്ടു വീഴ്ച്ച ചെയ്ത് പട്ടികയിൽ മാറ്റം വരുത്താൻ ധാരണയിലെത്തിയിരുന്നു. എം പി മാരുടെ പരാതിയുണ്ടെന്ന പേരിൽ ആയിരുന്നു ഹൈക്കമാന്റ് പുനസംഘടന നിർത്തിവെച്ചത്. ഇതിൽ രോഷാകുലനായ സുധാകരൻ പദവി ഒഴിയും എന്ന് വരെ എഐസിസി യെ അറിയിച്ചുരുന്നു. കെ സി വേണുഗോപാലും സതീശനും ചേർന്നു പാർട്ടി പിടിക്കാൻ ശ്രമിക്കുന്നു എന്നാണ് സുധാകരന്റെ പരാതി.എന്നാൽ പുതിയ ഗ്രൂപ്പ് എന്ന പ്രചാരണത്തിന് പിന്നിൽ ചെന്നിത്തലയെ ആണ് സതീശൻ സംശയിക്കുന്നത്.
കെ സുധാകരനുമായി സമവായത്തിലെത്തി രമേശ് ചെന്നിത്തലയെ കടന്നാക്രമിച്ചു നീങ്ങാനാണ് വിഡി സതീശൻറെ നീക്കം. പ്രശ്നങ്ങൾക്ക് പിന്നിൽ കെ സി വേണുഗോപാലാണെന്ന ആക്ഷേപങ്ങൾ തള്ളിയാണ് സതീശൻറെ പ്രതികരണം. പട്ടിക പ്രഖ്യാപിച്ചാലും പാർട്ടിയിൽ രൂക്ഷമായ ഭിന്നത അവസാനിക്കാനുള്ള സാധ്യത കുറവാണ്. 9 മാസം മുമ്പ് നേതൃനിരയിലേക്ക് ഒരുമിച്ചെത്തിയ സുധാകരനും സതീശനും തമ്മിലെ യോജിപ്പ് നഷ്ടമായി. അകൽച്ചയുണ്ടാക്കിയതിന് പിന്നിൽ ചെന്നിത്തലയെ മാത്രം കുറ്റപ്പെടുത്തിയാണ് സതീശന്റെ രോഷപ്രകടനം.
പേര് പറഞ്ഞില്ലെങ്കിലും പ്രതിപക്ഷനേതാവ് നൽകുന്ന സൂചനകളെല്ലാം രമേശിനെതിരെ മാത്രം. എന്നാൽ സുധാകരനൊപ്പം നിന്ന് സതീശനും കെസി വേണുഗോപാലും പാർട്ടി പിടിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഐ ഗ്രൂപ്പ് ആക്ഷേപം.സുധാകരനാണ് അവസാനവാക്കെന്ന് പറഞ്ഞ് രമേശിനെ സംശയ നിഴലിൽ നിർത്ത് കെ സിയെ പിന്തുണച്ചാണ് സതീശന്റെ നീക്കങ്ങൾ.
ഐ ക്കുള്ളിലെ തന്നെ ഭിന്നത തീർത്ത് സുധാകരനൊപ്പം നേതാക്കൾ അണിചേരുമ്പോൾ എ വിഭാഗത്തിന്റെ സമീപനം കരുതലോടെയാണ്. പരാതികൾ പറഞ്ഞ് പട്ടികയിൽ ചർച്ചക്കുള്ള ആവശ്യം ഉന്നയിച്ചത് സതീശനായിരുന്നു. പക്ഷെ എതിർപക്ഷത്തെ സുധാകരനൊപ്പം ചെന്നിത്തലയും മുരളിയും കൂടി കൈകോർത്തത് കണ്ടാണ് സതീശൻ അനുരജ്ഞനത്തിന് തയ്യാറായത്. കരട് പട്ടികയിൽ കാര്യമായ മാറ്റത്തിന് തയ്യാറായില്ലെന്നാണ് കഴിഞ്ഞ ദിവസത്തെ സമവായ ചർച്ചയിൽ സുധാകരൻ എടുത്ത നിലപാട്. ചെറിയ മാറ്റങ്ങളോടെ ഹൈക്കമാൻ്ഡ് അനുമതി ഉറപ്പാക്കി ഉടൻ പട്ടിക പ്രഖ്യാപിക്കാനാണ് ധാരണ. അതേ സമയം പട്ടിക പ്രഖ്യാപിച്ചാലും സതീശനോടുള്ള അകൽച്ച സുധാകരൻ മാറ്റിവെക്കുമോ എന്നാണ് അറിയേണ്ടത്. നിർണ്ണായകഘട്ടത്തിൽ പഴയ ഐ ഒപ്പം നിന്നെങ്കിലും ഗ്രൂപ്പായി തുടർന്നും മുന്നോട്ട് പോകുന്നതിൽ കെപിസിസി അധ്യക്ഷൻ എടുക്കുന്ന നിലപാട് ഇനി പോരിൽ നിർണ്ണായകമാകും. മറുവശത്ത് പട്ടികയിൽ പരാതി ഉണ്ടെങ്കിലും കരുതലോടെയാണ് എ ഗ്രൂപ്പ് നീക്കങ്ങൾ.