കീവ്: യുദ്ധം ഒൻപതാം ദിവസവും തുടരുമ്പോൾ യുക്രൈൻ്റെ തെക്കൻ തീര മേഖലകൾ കേന്ദ്രീകരിച്ചാണ് റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. കാർക്കിവിലും പോരാട്ടം തുടരുകയാണ്. അതേസമയം കീവിനെ ലക്ഷ്യമാക്കിയുള്ള സൈനിക നീക്കം മന്ദഗതിയിലാണെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. യുദ്ധത്തിന് മുന്നോടിയായി യുക്രൈൻ അതിർത്തിയിൽ നിലയുറപ്പിച്ചിരുന്ന റഷ്യൻ സൈനികരിൽ 90 ശതമാനവും യുക്രൈനിലേക്ക് കടന്നു.
വടക്കൻ മേഖലയിൽ പോരാട്ടം മന്ദഗതിയിൽ തുടരുമ്പോൾ ആണ് തെക്കൻ തീരം പിടിക്കാൻ യുക്രൈൻ രൂക്ഷമായ ആക്രമണം നടത്തുന്നത്. തെക്കൻ തീരത്തെ കേഴ്സണും മരിയോപോളും കീഴടക്കിയെന്ന് റഷ്യ നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു. സപ്രോഷ്യയിലും കനത്ത പോരാട്ടമാണ് നടക്കുന്നത്. ഒഡേസ ലക്ഷ്യമാക്കിയും ആക്രമണം നടന്നു. തീരം പൂർണമായും പിടിച്ചടക്കാനുള്ള നീക്കം ശക്തമാണ്. അതേസമയം തലസ്ഥാനമായ കീവ് പിടിച്ചടക്കാനുള്ള റഷ്യയുടെ ശ്രമം ഇപ്പോഴും വിജയം കണ്ടില്ല. കീവിനെ ലക്ഷ്യമാക്കി നീങ്ങിയ 64 കിലോമീറ്റർ നീളത്തിലുള്ള സൈനിക വാഹനവ്യൂഹത്തിൻ്റെ നീക്കം ഇപ്പോഴും മന്ദഗതിയിലാണെന്ന് ഇന്ന് പുറത്തുവന്ന ഉപഗ്രഹ ദൃശ്യങ്ങളിലും വ്യക്തമാണ്.
കീവ് നഗര കേന്ദ്രത്തിന് 20 കിലോമീറ്റർ അകലെയാണ് സൈനിക വ്യൂഹം. ഇന്ധനവും ഭക്ഷണവും അടക്കമുള്ളവയുടെ ലഭ്യത കുറഞ്ഞതും യുക്രൈൻ്റെ ഷെല്ലാക്രമണത്തിൽ മുൻഭാഗത്തുള്ള ചില വാഹനങ്ങൾക്ക് കേടുപാട് പറ്റിയതും ചില മേഖലയിലെ ദുഷ്കരമായ പാതയുമെല്ലാം മുന്നേറ്റത്തിന് തടസ്സമായെന്നാണ് വിലയിരുത്തൽ. ഭക്ഷണവും ഇന്ധനവും എത്തിക്കുന്നതിനൊപ്പം സ്ഥിതിഗതികൾ വിലയിരുത്തി യുദ്ധതന്ത്രത്തിലും സൈനികരുടെ വിന്യാസത്തിലും മാറ്റം വരുത്താനുള്ള നീക്കമാണെന്ന വിലയിരുത്തലുമുണ്ട്.
ഇതിനിടെ കാർക്കിവ് നഗരകേന്ദ്രത്തിൻ്റെ തൊട്ടടുത്ത് വരെ റഷ്യൻ സൈന്യം എത്തിയിട്ടുണ്ട്. ജനവാസമേഖലകളിലടക്കം ആക്രമണം നടക്കുന്നുണ്ട്. വടക്ക് ചേർണിവിലും സുമിയിലുമാണ് ഏറ്റവുമൊടുവിൽ ശക്തമായ ആക്രമണങ്ങൾ നടന്നിട്ടുള്ളത്. റഷ്യൻ ആക്രമണം തുടരുമ്പോഴും യുക്രൈൻ്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശക്തമാണെന്നാണ് അമേരിക്കൻ വിലയിരുത്തൽ.