കൊച്ചി: ജനങ്ങൾ ആഗ്രഹിക്കുന്ന പദ്ധതി നടപ്പാക്കണം എന്നതാണ് സർക്കാർ അഭിപ്രായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളോട് ഒപ്പം നിന്ന് ചെയ്യാൻ കഴിയുന്നത് ചെയ്യും. വിദ്യാഭ്യാസ രംഗത്തെ ശാക്‌തീകരിക്കുന്നതിന് എതിരെ ചിലർ പ്രചരണം നടത്തുന്നു. ജനതാല്പര്യം സംരക്ഷിച്ചു സർക്കാർ കാര്യങ്ങൾ ചെയ്യണം എന്നാണ് സിപിഎം നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് യാത്രാ സൗകര്യം വർധിപ്പിക്കുകയെന്നത് ഏറ്റവും പ്രധാനം ആണ്. ദേശീയ പാത വികസനം ആരംഭിച്ചു എന്നത് ആശ്വാസകരമാണ്. തീരദേശ മലയോര ഹൈവേ പദ്ധതികൾക്കായി പതിനായിരം കോടി കണ്ടെത്തിയിട്ടുണ്ട്. നാടിന്റെ വികസനത്തിന് ഇത് ആവശ്യമാണ്. അതിവേഗം വേണ്ട അർധ അതിവേഗ റെയിൽ മതി എന്ന് മാത്രമേ എൽഡിഎഫ് സർക്കാർ മാറ്റം വരുത്തിയുള്ളു. പദ്ധതിയിൽ യുഡിഎഫും ബിജെപിയും വലിയ എതിർപ്പ് ഉയർത്തുന്നു. എന്തിനാണ് ഇതിനെ എതിർക്കുന്നത്. യുഡിഎഫ് ബിജെപിയെ കൂട്ട് പിടിക്കുകയാണ്. ഇപ്പോ ഇത് വേണ്ട എന്ന് പറയുന്നവർ ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ എന്ന് പറയുന്നില്ല. നാടിനെ പുറകോട്ടടിപ്പിക്കുകയാണ് ഇവരുടെ ഉദ്ദേശ്യം.
വ്യവസായ സൗഹൃദം എന്നാൽ തൊഴിലാളികൾക്ക് എതിരാണ് എന്നല്ല അർത്ഥം. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല ശക്തീകരിക്കപ്പെടാത്തത് മൂലമാണ് കുട്ടികൾ വിദേശത്തു പോകേണ്ടി വരുന്നത്. പൊതു വിദ്യാഭ്യാസ രംഗത്തു കേരളത്തിൽ പൊതു സ്വകാര്യ സ്ഥാപനങ്ങൾ ഉണ്ട്. രളത്തിൽ കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണം. സ്വകാര്യ സ്ഥാപനങ്ങൾ ഇപ്പോൾ തന്നെ ഇവിടെ ഉണ്ട്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലോകോത്തര നിലവാരം ഉള്ളതാകണം. ഇതിൽ എന്തിനാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നത്. ഇവിടെ നടക്കാൻ പാടില്ലാത്ത കാര്യമാണ് പാർട്ടി സമ്മേളനം ചർച്ച ചെയ്യുന്നത് എന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നു. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്നാൽ പുറമെ നിന്നുള്ളവർ ഇവിടെ പഠിക്കാൻ വരുമെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.