ചാവക്കാട്: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണവും ആഭരണവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. ഗുരുവായൂർ തെക്കേ കൽപക അപാർട്ട്മെൻറിൽ താമസിക്കുന്ന വാകയിൽ മഠം സമൂഹമഠം പത്മനാഭൻ മഹേശ്വരയ്യനെയാണ് (54) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഏഴു മാസം മുമ്പാണ് ഇയാൾ ഫേസ് ബുക്ക് വഴി യുവതിയെ പരിചയപ്പെട്ടത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പല ലോഡ്ജ് മുറികളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
ഇയാൾ മറ്റൊരു വിവാഹം കഴിച്ചത് മറച്ചു വെച്ചാണ് യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയത്. യുവതിയുടെ പക്കൽനിന്ന് പല തവണകളായി സ്വർണം വാങ്ങി പണയം വെക്കുകയും ബാങ്ക് അക്കൗണ്ടിൽനിന്ന് 8.25 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്നും പരാതിയിൽ പറഞ്ഞു. ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജ്, എസ്.ഐമാരായ എസ്. സിനോജ്, എ.എം. യാസിർ, സീനിയർ വനിത പോലീസ് ഓഫിസർ എം. ഗീത, സി.പി.ഒമാരായ പ്രദീപ്, ജയകൃഷ്ണൻ, ബിനിൽ ബാബു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.