തിരുവനന്തപുരം: ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് എട്ട് മുതൽ 13 വരെ കെഎസ്ആർടിസി വനിതായാത്രാവാരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്ന് വനിതകൾക്കു മാത്രമായി വിനോദയാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. വനിതാ യാത്രാ വാരത്തിന്റെ ആദ്യ ട്രിപ്പിന്റെ ഫ്ലാഗ് – ഓഫ് കെഎസ്‌ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ രാവിലെ 6.30ന് നവകേരള മിഷൻ കോ-ഓർഡിനേറ്റർ ടി എൻ സീമ നിർവഹിക്കും.
നിംസ് മെഡിസിറ്റിയിലെ വനിതാ ജീവനക്കാർ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ്, കലാപരിപാടികൾ എന്നിവയും ഉണ്ടാകും. മൺറോതുരുത്ത്, സാബ്രാണ്ടിക്കോടി, തിരുമുല്ലവാരം ബീച്ച് എന്നിവിടങ്ങളിലേക്ക് നിംസ് മെഡിസിറ്റി വനിതാ ജീവനക്കാർക്കായി നടത്തുന്ന ട്രിപ്പാണ് ഫ്‌ളാഗോഫ് ചെയ്യുക. സംസ്ഥാനത്തുടനീളം വനിതകൾക്കായി നൂറിലധികം ട്രിപ്പുകൾ ക്രമീകരിച്ചിരിട്ടുണ്ട്.
കൊച്ചി വണ്ടർലായുമായി സഹകരിച്ച് 20 ട്രിപ്പുണ്ടാകും. താമരശ്ശേരി യൂണിറ്റിൽനിന്നുമാത്രം 16 വനിതാ ഉല്ലാസ യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുമായി സഹകരിച്ച് തീരദേശ വനിതകൾ പങ്കെടുക്കുന്ന നാല് ദിവസം നീണ്ടുനിൽക്കുന്ന തിരുവനന്തപുരം–കോഴിക്കോട് യാത്രയുമുണ്ട്. കോട്ടയം നവജീവൻ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂട്ടിലെ വനിതാ അന്തേവാസികൾക്കായി വാഗമണ്ണിലേക്ക് സ്നേഹ സ്വാന്തന യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. വിവരങ്ങൾക്ക്: 9946575817, 9446216597.