കോഴിക്കോട്: കഴിഞ്ഞയാഴ്‍ച ദുബൈയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ വ്ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് റിഫ, തനിക്ക് അടുപ്പമുള്ള ഒരാൾക്ക് അയച്ച ശബ്‍ദ സന്ദേശവും പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ മറ്റൊരാള്‍ക്കെതിരായ ചില പരാമര്‍ശങ്ങളാണുള്ളത്. ഇത് മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.
റിഫയുടെ മരണത്തില്‍ സമഗ്ര അന്വേഷമാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബായിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയും വീഡിയോ കോളിലൂടെ മകന് ചുംബനം നല്‍കിയ റിഫ മരിച്ചെന്നറിഞ്ഞതിന്‍റെ ഞെട്ടലില്‍നിന്നും ബന്ധുക്കളാരും ഇതുവരെ മുക്തരായിട്ടില്ല.
ആത്മഹത്യ ചെയ്യത്തക്ക പ്രശ്നങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. തിങ്കളാഴ്ച രാത്രിയാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റില്‍ റിഫ മെഹ്നുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവർക്കും രണ്ട് വയസുള്ള മകനുണ്ട്.
കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിർത്തിയാണ് റിഫ ദുബായിലേക്ക് പോയത്. അതേസമയം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ബാലുശേരി പോലീസ് അറിയിച്ചു. ആല്‍ബം നടികൂടിയായ റിഫ മെഹ്നുവിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ദിവസങ്ങൾക്ക് മുന്‍പ് പോലും സമൂഹമാധ്യമങ്ങളില്‍ റിഫയും ഭർത്താവും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.