തിരുവനന്തപുരം: വർക്കലയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ തീപിടുത്തം ഷോർട്ട് സർക്ക്യൂട്ട് കൊണ്ടാകാമെന്ന് പ്രാഥമിക നിഗമനത്തിൽ ക്രൈം ബ്രാഞ്ച്. അട്ടിമറി സാധ്യതകൊളൊന്നും ഇതേവരെയുള്ള അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നും അന്വേഷണം സംഘം പറയുന്നു. കടുത്ത ചൂടും പുക ശ്വസിച്ചതുമാണ് അഞ്ചുപേരുടെ മരണത്തിന് കാരണമെന്നാണ് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ നിഗമനം. ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തും.
തീപിടുത്തമുണ്ടായ വീടിൻെറ കാർ ഷെഡിൽ നിന്നോ ഹാളിൽ നിന്നോ തീ പടർന്നതാകാമെന്നാണ് ഇലക്ട്രിക് ഇൻസ്പക്ടറിൻ്റേയും ഫൊറൻസിക് വിഭാഗത്തിൻ്റേയും അനുമാനം. വീടിൻ്റെ കാർ ഷെഡിലുണ്ടായിരുന്ന ബൈക്കുകള്‍ കത്തിയിരുന്നു. ബൈക്കുകള്‍ക്ക് മുകളിലുണ്ടായിരുന്ന അലങ്കാര ബൾബ് കേടായി അതിൻെറ വയർ താഴേക്ക് നീണ്ടു കിടന്നു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വയറിൽ നിന്നും തീപ്പൊരി വീണ് വാഹനങ്ങള്‍ കത്തുകയും തീ പടരുകയും ചെയ്യാമെന്നാണ് ഒരു നിഗമനം.
ഹാളിൽ തീപടർന്ന് മുഴുവൻ കത്തി നശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് ഇവിടെയുണ്ടായോയെന്നും സംശയമുണ്ട്. പക്ഷെ സിസിടിവി പരിശോധിച്ച പൊലീസ് സംഘം കാർഷെഡിൽ നിന്നും തീപടരാനാണ് സാധ്യതയാണ് മുന്നിൽ കാണുന്നത് ദൃശ്യങ്ങളിൽ ഈ ഭാഗത്താണ് തീ ആദ്യം ഉയരുന്നത്. തീപിടുത്തമുണ്ടായ വീട്ടിലുണ്ടായിരുന്ന സിസിടിവികളുടെ ഹാർഡ് ഡിസ്ക്കും കത്തി നശിച്ചു. ഇതിലെ ദൃശ്യങ്ങള്‍ ഫൊറൻസിക് ലാബിൽ വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ അന്വേഷണത്തിൽ നിർണായക വഴിത്തിരവാകും. ഫൊറൻസിക് വിദഗ്ദ്ധരുടെ അന്തിമ ഫലം വേഗത്തിൽ കൈമാറാനും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
തീപിടുത്തമുണ്ടായ വീടിനു ചുറ്റുവട്ടത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. അസ്വാഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്നാണ് ഇതേവരെയുള്ള നിഗമനം. അട്ടിമറിക്കുള്ള തെളിവുകള്‍ ഇതേ വരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അഞ്ചു പേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനം. വർക്കല ഡിവൈഎസ്പി നിയാസാണ് അന്വേഷണ ഉദ്യോഗസ്ഥൻ.