ന്യൂഡൽഹി : സാമ്പത്തിക തട്ടിപ്പുകേസിൽ തനിക്കെതിരായ ജാമ്യമില്ലാ വാറണ്ട് സംബന്ധിച്ച വാർത്തകൾ വ്യാജമെന്ന് നടി സൊനാക്ഷി സിൻഹ. ഒരു ചതിയന്റെ സൃഷ്ടിയാണ് ഇതെന്നും മാധ്യമങ്ങൾ ഇതിൽ പങ്കാളികളാകരുതെന്നും നടി പറഞ്ഞു. വ്യാജ പ്രചാരണത്തിനു കോടതിയലക്ഷ്യത്തിന് കേസെടുക്കാൻ ഒരുങ്ങുകയാണ് നടിയുടെ അഭിഭാഷക സംഘം. ‘കുറച്ചുദിവസങ്ങളായി എനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതായി മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് ശുദ്ധ അസംബന്ധമാണ്. എന്നെ ഉപദ്രവിക്കാനായി മാത്രം ഒരു ദുഷ്ടൻ ചെയ്ത പ്രവൃത്തിയാണ്. ഈ വ്യാജ വാർത്ത ഏറ്റെടുക്കരുതെന്ന് എല്ലാ മാധ്യമങ്ങളോടും അപേക്ഷിക്കുന്നു. വ്യാജപ്രചാരണത്തിലൂടെ പബ്ലിസിറ്റി നേടുകയും എന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കി പണം തട്ടാനുമാണ് ഇയാളുടെ ശ്രമം.
ഇതൊരു പീഡനമാണ്. ഇതിൽ മാധ്യമങ്ങൾ പങ്കാളികളാകരുത്. ഈ വിഷയം മുറാദാബാദ് കോടതിയുടെ പരിഗണനയിലാണ്. വിധി വരുന്നതുവരെ ഈ വിഷയത്തിൽ എന്റെ അഭിപ്രായം ഇതായിരിക്കും. അതിനാൽ ദയവായി എന്നെ സമീപിക്കരുത്. ഞാൻ വീട്ടിലാണ്, എനിക്കെതിരെ വാറണ്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു പറയുന്നു. കോടതിയലക്ഷ്യത്തിന് അദ്ദേഹത്തിനെതിരെ ആവശ്യമായ എല്ലാ നടപടികളും എന്റെ അഭിഭാഷക സംഘം സ്വീകരിക്കുന്നുണ്ട്’– സൊനാക്ഷി പറഞ്ഞു.
ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ 37 ലക്ഷം രൂപ മുൻകൂറായി വാങ്ങി പറ്റിച്ചുവെന്നാണ് സൊനാക്ഷിക്കെതിരായ കേസ്. പരിപാടിയുടെ നടത്തിപ്പുകാരനായ പ്രമോദ് ശർമയാണ് നടിക്കെതിരെ പരാതി നൽകിയത്.