തിരുവനന്തപുരം : സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ തയ്യാറാക്കി. സുരക്ഷിതമായ തൊഴിലിടമാണ് ലക്ഷ്യമിടുന്നതെന്ന് വനിത ശിശുക്ഷേമ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഒരു സിനിമയ്ക്ക് ഒരു കമ്മിറ്റി എന്നതാണ് രൂപരേഖ. സംസ്കാരിക വകുപ്പും നിയമ വകുപ്പുമായും ചർച്ച ചെയ്ത് ഉടൻ ഉത്തരവിറക്കും. പൊതു ഇടങ്ങള്‍ സ്ത്രീകളുടേതാണെന്ന സന്ദേശവുമായി വനിത ശിശു വികസന വകുപ്പ് തലസ്ഥാനത്ത് രാത്രി നടത്തം സംഘടിപ്പിച്ചു. യുവനടി ആക്രമിക്കപ്പെട്ടത് മുതല്‍ സിനിമ മേഖലയില്‍ സ്ത്രീകളുടെ പ്രശനങ്ങള്‍ പരിഹരിക്കാന്‍ ആഭ്യന്തര കമ്മിറ്റി വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. സനിമയിലെ തൊഴിലടത്തിന്‍റെ നിര്‍വ്വചനം സംബന്ധിച്ച ആശയക്കുഴപ്പം മൂലം ഇത് നീണ്ടുപോവുകയായിരുന്നു.
ഒരു സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഉള്‍പ്പെട എല്ലാ മേഖലകളേയും ഒരു തൊഴിലിടമായി കണ്ട് ആഭ്യന്തര കമ്മിറ്റി രൂപീകരിക്കാനുള്ള മാർഗരേഖയാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. മന്ത്രി വീണ ജോര്‍ജ് അതിജീവിതക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന മോശം പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മന്ത്രി വീണ ജോർജ് രംഗത്തെത്തി. അതിജീവിതയ്‌ക്കെതിരായ നിലപാടുകൾ പ്രതിഷേധാർഹമാണെന്ന് മന്ത്രി ചൂണ്ടികാട്ടി. ‘പോയി ചത്തുകൂടെ’ എന്നായിരുന്നു നടിയുടെ പോസ്റ്റിലെ ഒരു കമന്‍റെന്ന് ചൂണ്ടികാട്ടിയ വീണ ജോർജ് ഇത്തരം മാനസികാവസ്ഥ എന്താണ് കാണിക്കുന്നതെന്നും ചോദിച്ചു. ചിലരുടെ കമന്‍റുകളും നിലപാടും പ്രതിഷേധാർഹമാണ്. സമൂഹമാധ്യമങ്ങളിലെ ചിലരുടെ പരാമർശത്തെക്കുറിച്ചുള്ള നടിയുടെ തുറന്നുപറച്ചിൽ വേദനിപ്പിച്ചെന്നും ഇനിയും മാറാത്ത മനോഭാവമുള്ളവർ നമുക്കിടയിൽ ഉണ്ടെന്നും അന്താരാഷ്ട്രാ വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ പരിപാടിയിൽ മന്ത്രി പറഞ്ഞു.