തിരുവനന്തപുരം : ഏറ്റവും നന്നായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി ദീർഘകാല ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ള ബജറ്റാണ് തയാറാക്കിയിരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നിലവിലുള്ള സാഹചര്യത്തിൽ മോശമല്ലത്ത, ജനങ്ങളെ അധികം ബാധിക്കാത്ത തരത്തിൽ, എന്നാൽ മുന്നോട്ട് പോകാൻ ഉതകുന്ന ബജറ്റാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഉൾപ്പെടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ തവണ അവതരിപ്പിച്ച ബജറ്റിന്റെ പുതുക്കിയ വേർഷനാണ് ഇതെന്ന് ധനമന്ത്രി പറഞ്ഞു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ എല്ലാം നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്നാണ് അവതരിപ്പിക്കുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകുമെന്ന് സൂചന.