തിരുവനന്തപുരം: 25 വര്‍ഷത്തെ സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടും ബദല്‍ നയങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പുതിയ കാലഘട്ടം മുന്നോട്ടുവയ്ക്കുന്ന പരിമിതികളെയും സാധ്യതകളെയും മുന്നില്‍ കണ്ടുകൊണ്ട് തയ്യാറാക്കപ്പെട്ടതാണ് ഈ ബജറ്റ്. വൈജ്ഞാനിക സമൂഹമായി കേരളത്തെ പരിവര്‍ത്തിപ്പിച്ച് ഉല്‍പ്പാദനവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ബജറ്റ് മുന്നോട്ടുവയ്ക്കുന്നുവെന്നും കോടിയേരി വ്യക്തമാക്കി.
കാര്‍ഷിക മൂല്യവര്‍ധനവിലൂടെ കേരളത്തിന്റെ കാര്‍ഷിക മേഖലയെ സംരക്ഷിക്കുക എന്ന സമീപനവും ബജറ്റിന്റെ സവിശേഷതയാണ്. സഹകരണ മേഖലയെ തൊഴില്‍ സൃഷ്ടിക്കും വികസനത്തിനുമായി ഉപയോഗിക്കുന്ന പദ്ധതികളും നിര്‍ദ്ദേശിക്കുന്നുണ്ട്.പൊതുമേഖലയെ സംരക്ഷിക്കുന്നതിനും പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനും ഉതകുന്ന സമീപനം ബജറ്റിലുണ്ട്. ഐടി മേഖല ശക്തിപ്പെടുത്താനും സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ അഭ്യസ്തവിദ്യരുടെ തൊഴില്‍ പ്രതീക്ഷകളെ അഭിമുഖീകരിച്ചുകൊണ്ടുള്ളതാണ്.
പരമ്പരാഗത മേഖലയെ ആധുനികവല്‍ക്കരിച്ചുകൊണ്ട് ഈ മേഖലയെ സംരക്ഷിക്കുന്ന സമീപനവും ബജറ്റിന്റെ മറ്റൊരു സവിശേഷതയാണ്. ആഗോളതാപനവും, അത് സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനവും ഉയര്‍ത്തുന്ന പ്രശ്‌നപരിഹാരത്തിനും യുദ്ധത്തിനെതിരായ ബോധവല്‍ക്കരണത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ബജറ്റ് കാലിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നതും സര്‍വ്വതല സ്പര്‍ശിയായതും കൂടിയാണ്.
കേരളത്തിന്റെ വികസനത്തിന് ഉതകുന്നവിധത്തിലുള്ള സ്വകാര്യമൂലധനത്തെ ആകര്‍ഷിക്കുന്നതിന് സഹായകമായ പശ്ചാത്തല സൗകര്യവികസനത്തിനും ഈ ബജറ്റ് ഊല്‍ നല്‍കുന്നുണ്ട്. പ്രത്യേക ശ്രദ്ധ വേണ്ട പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും സ്ത്രീകളുടെയും ഉമനത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നുവെന്നതും എടുത്തുപറയേണ്ടതാണ്. ട്രാന്‍സ്‌ജെന്ററുകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനും സാമൂഹ്യപരിരക്ഷ നല്‍കാനുമുള്ള മഴവില്‍ പദ്ധതിയും ശ്രദ്ധേയമാണ്. പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന നടപടിയും ഈ സമീപനത്തിന്റെ തുടര്‍ച്ചയാണ്.
ജീവിതശൈലി രോഗങ്ങളില്‍ ഉഴലുന്ന കേരളത്തില്‍ പുതിയ ഒരു കായിക സംസ്‌കാരം രൂപപ്പെടുത്തുന്നതിനുള്ള ദീര്‍ഘവീക്ഷണത്തോടുള്ള പദ്ധതികളും ബജറ്റ് മുന്നോട്ടുവയ്ക്കുന്നുണ്ട്. ആരോഗ്യമേഖലയില്‍ കേരളത്തെ അത്യുന്നത കേന്ദ്രമാക്കി മാറ്റുന്നതിനുതകു്ന്ന കാല്‍വെയ്പ്പുകളും ഇതിലുണ്ട്. നമ്മുടെ സമൂഹത്തിന്റെ ജീവിത നിലവാരം അടുത്ത 25 വര്‍ഷക്കാലയളവില്‍ വികസിത രാജ്യങ്ങള്‍ക്ക് തുല്യമായി ഉയര്‍ത്തുന്നതിന് ഉതകുന്ന സമീപനം ഈ ബജറ്റിലുടനീളമുണ്ട്. അതിന്റെ ഭാഗമായാണ് അതീവദാരിദ്ര നിര്‍മ്മാര്‍ജ്ജനം, ഭവനരഹിതരില്ലാത്ത കേരളം, എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുക, സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, വിലക്കയറ്റം തടയുക, ഉന്നതവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക, ഗവേഷണത്തിന്റെ നൂതന മേഖലകളില്‍ കുതിച്ചുചാട്ടം നടത്തുക എന്നിവയും അതിന്റെ തുടര്‍ച്ചയാണ്.പൊതുമേഖലയെ തകര്‍ക്കുന്ന നയത്തിനും കാര്‍ഷികമേഖലയില്‍ നിന്നും സാമൂഹ്യസുരക്ഷാ മേഖലയില്‍ നിന്നും സര്‍ക്കാരുകള്‍ പിന്‍മാറുന്ന ആഗോളവല്‍ക്കരണ നയത്തിനും ബദലായി അവയെ സംരക്ഷിക്കുന്നതിനുള്ള ഊന്നല്‍ നല്‍കിക്കൊണ്ട് ബദല്‍ സമീപനം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ ബജറ്റ്. നവകേരള സൃഷ്ടിക്കായുള്ള സര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് മറ്റൊരു ചുവടുവെയ്പ്പാണ് ഈ ബജറ്റെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.