ബംഗളൂരു : പതിമൂന്നാമത് ബംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളം സിനിമ ‘താഹിറ’ക്ക് പുരസ്കാരം. ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ 2020 ലെ മികച്ച രണ്ടാമത്തെ സിനിമക്കുള്ള പുരസ്കാരമാണ് സിദ്ദീഖ് പറവൂര്‍ സംവിധാനം ചെയ്ത ‘താഹിറ’ നേടിയത്. ‘സെംഖോര്‍’ ആണ് 2020ലെ മികച്ച ചിത്രം. 2020ലെ മികച്ച ചിത്രത്തിനുള്ള മൂന്നാം സ്ഥാനം ‘ബ്രിഡ്ജ്’ കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തെ തുടർന്ന് ചലച്ചിത്രോത്സവം നടത്തിയിരുന്നില്ല. ഇതിനാൽ 2020ലെ സിനിമകളും ഇത്തവണയാണ് മത്സരിച്ചത്.
തൃശൂർ കൊടുങ്ങല്ലൂരിന്റെ തീരമേഖലയായ എറിയാടുള്ള താഹിറ എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് ‘താഹിറ’. ഇവർ തന്നെയാണ് നായികയായി വെള്ളിത്തിരയിലെത്തിയത്. സിനിമ 2020ൽ ഗോവ ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ മത്സരിച്ച് ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ വർഷം ജെ.സി. ഡാനിയേൽ പുരസ്കാരവും നേടിയിരുന്നു.
മാർച്ച് മൂന്നിന് ആരംഭിച്ച ബംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിവസമായ വ്യാഴാഴ്ചയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാന്’ 2021ലെ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ഗുജറാത്തി സിനിമ ‘ഗാന്ധി ആന്‍ഡ് കൊ’ ആണ് 2021ലെ രണ്ടാമത്തെ മികച്ച ചിത്രം. ഒറിയ ഭാഷയിലുള്ള ‘അഡ്യൂ ഗൊദാര്‍ഡ്’ 2021ലെ മികച്ച ചിത്രത്തിനുള്ള മൂന്നാംസ്ഥാനം നേടി. ഏഷ്യന്‍ സിനിമ വിഭാഗത്തില്‍ ഹിന്ദി സിനിമയായ ‘നോട്ട് ടുഡേ’ 2021ലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. ‘അബ്സെന്‍സ്’ രണ്ടാം സ്ഥാനം നേടി.
ഏഷ്യന്‍ സിനിമ വിഭാഗത്തില്‍ 2020ലെ മികച്ച ചിത്രമായി ‘ദ ന്യൂസ് പേപ്പര്‍’ തിരഞ്ഞെടുക്കപ്പെട്ടു. ‘ഗോഡ് ഓണ്‍ ദ ബാല്‍ക്കണി’ ആണ് രണ്ടാമത്തെ മികച്ച ചിത്രം. കന്നട സിനിമ വിഭാഗത്തില്‍ ‘ദൊഡ്ഡഹട്ടി ബോറെഗൗഡ’ 2021ലെ മികച്ച ചിത്രമായി. ‘ദണ്ഡി’ രണ്ടാം സ്ഥാനവും ‘ദേവദ കാട്’ മൂന്നാം സ്ഥാനവും നേടി. 2020ലെ മികച്ച ചിത്രമായി ‘പിങ്കി എല്ലി’ തിരഞ്ഞെടുക്കപ്പെട്ടു. ‘ദാരി യാവുദയ്യ വൈകുണ്ഠകെ’ രണ്ടാം സ്ഥാനവും ‘ഒ നാന ചേതന’ മൂന്നാം സ്ഥാനവും നേടി.