കോട്ടയം : കോട്ടയത്ത് പ്രായപൂത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ച് അപകടം പതിവായതോടെ പരിശോധന കർശനമാക്കി പോലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പോലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. കുട്ടികൾ ലൈസൻസില്ലാതെ വാഹനമോടിച്ചാൽ രക്ഷിതാക്കൾ നടപടി നേരിടേണ്ടി വരും. കറുകച്ചാലിൽ വിദ്യാർത്ഥിനി ഓടിച്ച വാഹനമിടിച്ച് 41 കാരൻ മരിച്ചിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥിയുടെ പിതാവിനെതിരെ കേസെടുത്തിരുന്നു. ലൈസൻസില്ലാതെ മദ്യപിച്ച് വാഹനം ഓടിച്ചതിന് വിദ്യാർത്ഥിയെ ട്രാഫിക് എൻഫോഴ്സ്മെന്റ് പിടികൂടിയിരുന്നു.
കറുകച്ചാലിലെ അപകടത്തിൽ റാേഷന്‍ തോമസ് (41) ആണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ആന്‍റണിക്കെതിരെ പോലീസ് കേസെടുത്തു. കറുകച്ചാല്‍ രാജമറ്റം പാണൂര്‍ക്കവലയില്‍ ചൊവ്വാഴ്ച രാത്രി 7.45 ഓടെയാണ് അപകടമുണ്ടായത്. ആന്‍റണിയുടെ പതിനാല് വയസുകാരിയായ മകളാണ് വാഹനമോടിച്ചത്. വാഹനത്തിലുണ്ടായിരുന്ന സഹോദരങ്ങൾക്കും പരിക്കേറ്റിരുന്നു. പതിനൊന്നും മൂന്നും വയസ്സുള്ള കുട്ടികളാണ് സ്കൂട്ടറിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ കുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലൈസൻസ് ഇല്ലാതെ വിദ്യാർഥികൾ വാഹനം ഓടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ അറിയിച്ചു. വിദ്യാർഥികൾ വാഹനം ഓടിച്ചുണ്ടാക്കുന്ന അപകടം വർധിച്ചതിനെ തുടർന്നാണ് പോലീസ് കർശന നടപടികളിലേക്ക് കടന്നിരിക്കുന്നത്.