ബംഗളൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധിയാളുകള്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ആറ് പേരെ ബംഗളൂരു പോലീസ് പിടികൂടി. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. രാജേശ്വരി, കലാവതി, കേശവമൂര്‍ത്തി, റഫീഖ്, ശരത്ത്, സത്യരാജു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തയ്യല്‍ക്കാരായ രാജേശ്വരി, കലാവതി എന്നീ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് ഒത്താശ ചെയ്തതിനാണ് പിടികൂടിയത്. പോക്സോ, തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത്, പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാജേശ്വരി ബംഗളൂരുവിലെ എച്ച്എസ്ആര്‍ എന്ന പ്രദേശത്ത് തയ്യല്‍ക്കട നടത്തുകയാണ്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സ്‌കൂളിലെ ക്ലാസ് കഴിഞ്ഞ് തയ്യല്‍ പഠിക്കാനായി രാജേശ്വരിയുടെ കടയില്‍ പോകുമായിരുന്നു.
രാജേശ്വരി പെണ്‍കുട്ടിയെ ബോധരഹിതയാക്കാന്‍ വേണ്ടി മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി. തുടര്‍ന്ന് കേശവമൂര്‍ത്തി എന്നയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവം ആരോടും പറയരുതെന്ന് രാജേശ്വരി കുട്ടിയെ ഭീഷണിപ്പെടുത്തി. പീഡനം നടന്ന് രണ്ട് ദിവസത്തിന് ശേഷം കലാവതി എന്ന സ്ത്രീയുടെ വീട്ടിലേക്ക് രാജേശ്വരി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് നാല് ദിവസങ്ങളിലായി നിരവധി പേര്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. രാജേശ്വരിയും കലാവതിയും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയവരില്‍ നിന്ന് പണം കൈപ്പറ്റിയിരുന്നു. നാല് ദിവസത്തെ തുടര്‍ച്ചയായ പീഡനത്തിന് ശേഷം ഗുരുതരമായ അസുഖത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ എച്ച്എസ്ആര്‍ ലേഔട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ആറ് പ്രതികളെ അറസ്റ്റ് ചെയ്ത് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.