കൊല്ലം : ആരോഗ്യമന്ത്രി വീണാ ജോർജിനെ വേദിയിലിരുത്തി ആയുർവേദ ഡോക്ടർമാരുടെ സംഘടനകൾക്കെതിരേ കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ രൂക്ഷ വിമർശം. പുരകത്തുമ്പോൾ വാഴവെട്ടാമെന്ന് കരുതിയിറങ്ങിയ അലവലാതികളാണ് സംഘടനാ നേതാക്കളെന്നായിരുന്നു എംഎൽഎയുടെ പരാമർശം. കൊല്ലം, തലവൂർ സർക്കാർ ആയുർവേദ ആശുപത്രിയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലായിരുന്നു ഗണേഷ് കുമാർ വീണ്ടും ഡോക്ടർമാർക്കെതിരേ രംഗത്തെത്തിയയത്. സംഘടനാ നേതാക്കളുടെ പേരെടുത്ത് പറഞ്ഞായിരുന്നു കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ വിമർശനം. തന്റെ പുര കത്തിയാലും സാരമില്ല, ആ സമയം അപ്പുറത്ത് നിൽക്കുന്നവന്റെ വാഴവെട്ടി അടിക്കാം എന്ന് ചിന്തിക്കുന്ന ചില അലവലാതികളുണ്ട് അവരെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഗണേഷ് കുമാർ പറഞ്ഞു. എന്നാൽ നേതാക്കളെ വിമർശിച്ചപ്പോഴും ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർക്കെതിരേ നടപടി എടുക്കരുതെന്ന് എംഎൽഎ മന്ത്രിയോട് അഭ്യർഥിച്ചു.
ഒരാഴ്ച മുൻപ് തലവൂർ ആയുർവേദ ആശുപത്രി എംഎൽഎ സന്ദർശിക്കുകയും വൃത്തിഹീനമായതിന് ഡോക്ടർമാരെ വിമർശിക്കുകയും ചെയ്തിരുന്നു. നിർമാണം നടക്കുന്ന ആശുപത്രിയുടെ ഉൾവശം വൃത്തിഹീനമായി അലങ്കോലപ്പെട്ട് കാണാനിടയായതിനെത്തുടർന്നായിരുന്നു കെ.ബി.ഗണേഷ് കുമാർ എം.എൽ.എ. ആശുപത്രി ജീവനക്കാരെയും ഡോക്ടർമാരെയും പരസ്യമായി ശകാരിച്ചത്. ഇതിനെതിരെ ഡോക്ടർമാരുടെ സംഘടനകൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മൂന്നുകോടിയോളം രൂപ മുടക്കിയ ആശുപത്രി വൃത്തിയായി സൂക്ഷിക്കാത്ത ജീവനക്കാർക്കുമുന്നിൽ ചൂലെടുത്ത് തൂത്തും തറതുടച്ചും ചിലന്തിവലയടിച്ചും എം.എൽ.എ. രോഷം പ്രകടിപ്പിച്ചിരുന്നു. ഉദ്ഘാടനത്തിനു മുന്നോടിയായി സ്ഥിതിഗതികൾ വിലയിരുത്താനും വികസനദൃശ്യങ്ങൾ പകർത്താനുമായി പ്രാദേശിക ചാനൽ പ്രവർത്തകരുമായി ആശുപത്രിയിൽ എത്തിയതായിരുന്നു എം.എൽ.എ. ഗ്രാമപ്പഞ്ചായത്തിനെയും ആശുപത്രി ജീവനക്കാരെയും മുൻകൂട്ടി അറിയിച്ചായിരുന്നു എം.എൽ.എയുടെ സന്ദർശനം.