ഒഡീഷ : ഒഡീഷയിൽ എംഎൽഎയുടെ വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റി. അപകടത്തിൽ ഏഴ് പോലീസുകാർ ഉൾപ്പെടെ 22 പേർക്ക് പരുക്കേറ്റു. സസ്‌പെൻഷനിലായ ബിജെഡി എംഎൽഎ പ്രശാന്ത് ജഗ്‌ദേവിന്റെ കാറാണ് അപലടത്തിൽപ്പെട്ടത്. ജഗ്ദേവിനും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഖുർദ ജില്ലയിലെ ബാനാപൂരിലാണ് സംഭവം. ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ബിജു ജനതാദളിനെതിരെ രംഗത്തെത്തി. ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ, ബിഡിഒ ബാനാപൂരിന്റെ ഓഫീസിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ ജഗ്‌ദേവിന്റെ കാർ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ 15 ഓളം ബിജെപി പ്രവർത്തകർക്കും ഏഴ് പോലീസുകാർക്കും പരുക്കേറ്റതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ബാനപൂർ ഇൻസ്‌പെക്ടർ ആർ. ആർ സാഹു ഉൾപ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എംഎൽഎയെ ആദ്യം താംഗി ആശുപത്രിയിലേക്കും പിന്നീട് ഭുവനേശ്വറിലേക്കും കൊണ്ടുപോയതായി ഖുർദ് എസ്പി അലേഖ് ചന്ദ്ര പാധി അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദൾ കഴിഞ്ഞ വർഷം ചിൽക്ക എംഎൽഎ പ്രശാന്ത് കുമാർ ജഗ്‌ദേവിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ബിജെഡി പ്രസിഡന്റും മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്കും അദ്ദേഹത്തെ ഖുർദ ജില്ലാ ആസൂത്രണ സമിതി ചെയർമാൻ സ്ഥാനത്തുനിന്നും നീക്കിയിരുന്നു.