ന്യൂഡൽഹി : മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. രണ്ട് വർഷം പൂർത്തിയായാൽ പെൻഷൻ നൽകുന്ന സംവിധാനം രാജ്യത്ത് മറ്റൊരിടത്തും ഇല്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഇന്ധന വില നിശ്ചയിക്കാൻ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന കെഎസ്ആർടിസിയുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതിയുടെ പരാമർശം. നിലവിൽ ഡീസൽ ലിറ്ററിന് ഏഴ് രൂപയിലധികം നൽകിയാണ് കെഎസ്ആർടിസിക്ക് ലഭിക്കുന്നത്. ഇത് കെഎസ്ആർടിസിയെ വലിയ സാമ്പത്തിക നഷ്ടത്തിലേക്കാണ് എത്തിക്കുന്നതെന്ന് അഭിഭാഷകൻ വി.ഗിരി കോടതിയിൽ പറഞ്ഞു. ഇതിനിടെയാണ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷനുമായി ബന്ധപ്പെട്ട പരാമർശം അഭിഭാഷകന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതും അതിനെ സുപ്രിംകോടതി രൂക്ഷമായി വിമർശിക്കുന്നതും.
രണ്ട് വർഷം കഴിഞ്ഞാൽ പെൻഷൻ നൽകുന്ന സംവിധാനം രാജ്യത്ത് ഒരിടത്തുമില്ലെന്ന് പറഞ്ഞ കോടതി കേരളത്തിന് ഇത്ര ആസ്തിയുണ്ടോ എന്നും ചോദിച്ചു. സുപ്രിംകോടതിയുടെ അതൃപ്തി സംസ്ഥാന സർക്കാരിനെ അറിയിക്കണമെന്നും അഭിഭാഷകനോട് പറഞ്ഞു. ഇന്ധന വില നിശ്ചയിക്കാൻ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ കെഎസ്ആർടിസിക്ക് സുപ്രിംകോടതി നിർദേശവും നൽകി.