മുക്കം: പാർക്കിൻസൺ രോഗബാധിതനായ പന്നിക്കോട് സ്വദേശി പരപ്പിൽ മനോഹരന്റെ ചികിത്സയ്ക്കായി സംഘടിപ്പിച്ച ബിരിയാണി ചാലഞ്ചിൽ ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 6 ലക്ഷത്തിലേറെ രൂപ ! ജനകീയ കൂട്ടായ്മയിൽ ആയിരുന്നു ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചത്. കൊടിയത്തൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഉദ്ദേശം 6500 പേർ ചാലഞ്ചിൽ പങ്കാളികളായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃക കാട്ടി.
റഹ്മത്ത് പരവരി, ഉണ്ണി കൊട്ടാരത്തിൽ, ദിൽഷാദ് പരപ്പിൽ എന്നിവരുടെ നേതൃത്വത്തിലുളള ജനകീയ കമ്മിറ്റിക്ക് കാരാളിപറമ്പിലെ ബിരിയാണി ചാലഞ്ച് പ്രവർത്തകരായ ഹാഷിം കാരാളിപറമ്പിലിന്റെയും സിദ്ധിഖിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പൂർണ പിന്തുണയും ലഭ്യമായതോടെ ചാലഞ്ച് വൻ വിജയമായി മാറുകയായിരുന്നു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഉണ്ണി കൊട്ടാരത്തിൽ ആധ്യക്ഷ്യം വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.പി.ജമീല, മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി.ഫസൽ ബാബു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്നത്ത്, ശിഹാബ് മാട്ടുമുറി, രതീഷ് കളക്കുടിക്കുന്നത്ത്, മറിയം കുട്ടിഹസ്സൻ, ജനകീയ കമ്മിറ്റി വർക്കിങ് കൺവീനർ അജ്മൽ പന്നിക്കോട്, ദിൽഷാദ് പരപ്പിൽ എന്നിവർ പ്രസംഗിച്ചു.