തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാസ്ക് മാറ്റുന്നതടക്കം കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിൽ ചർച്ചകൾ സജീവമാക്കി കേരളം. ഘട്ടം ഘട്ടമായി മാസ്ക് മാറ്റുന്നത് ചർച്ച ചെയ്യണമെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ദ്ധർ പറയുമ്പോൾ, ധൃതി പിടിച്ച് തീരുമാനം വേണ്ടെന്നാണ് വിദഗ്ദ്ധ സമിതിയുടെ ഭാഗമായവർ സർക്കാരിന് നൽകിയിരിക്കുന്ന അഭിപ്രായം.
2020 ജൂലൈയ്ക്ക് ശേഷം ഇന്നലെ കേരളത്തിൽ കോവിഡ് മരണമില്ലാത്ത ദിവസമായിരുന്നു. വാക്സിനേഷൻ മുന്നേറിയതും കേസുകൾ കുറയുന്നതും കൂടി പരിഗണിച്ചാണ് പൊതുസ്ഥലങ്ങളിലെ മാസ്ക് മാറ്റുന്നതടക്കമുള്ള നിയന്ത്രണങ്ങൾ നീക്കാമോയെന്ന കാര്യം സർക്കാർ പരിശോധിച്ചത്. വീടുകൾക്കകത്ത് വരെ മാസക് ധരിക്കണമെന്നതുൾപ്പടെ കടുംപിടുത്തം നീക്കാമെന്നാണ് പ്രധാന അഭിപ്രായം. ഒരു വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും, സ്ഥിരം ഇടപഴകുന്നവർക്കിടയിലും മാസ്ക് ഒഴിവാക്കാവുന്നതാണ്. ഘട്ടംഘട്ടമായി വേണം പൊതുസ്ഥലങ്ങളിൽ ഈ ഇളവുകൾ നൽകുന്നത്.
അതേസമയം ഇളവുകൾ നൽകണമെന്ന നിർദേശം പരിശോധിക്കാവുന്നതാണെങ്കിലും ഉടനെ വേണ്ടെന്ന അഭിപ്രായമാണ് സർക്കാരിന്റെ ഭാഗമായ വിദഗ്ദ്ധരുടേത് മറ്റു രാജ്യങ്ങളിൽ പുതുതായി കേസുകൾ കൂടുന്നത് കൂടി നോക്കിയ ശേഷം മതിയെന്നാണ് നിർദേശം. ചുരുങ്ങിയത് ഒരു മാസമെങ്കിലും കഴിഞ്ഞു മതിയെന്നാണ് വിദഗ്ദ സമിതിക്കുള്ളിലെ വികാരം. ഇളവുകൾ നൽകിയാലും ആശുപത്രികൾ, റെയിൽവേസ്റ്റേഷൻ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് നിലനിർത്തുന്നത് ഉചിതമാകും.
പ്രായമായവരും ഗുരുതരമാകാനിടയുള്ള രോഗമുള്ളവരും മാസ്ക് ധരിക്കുന്നത് തുടരണം. ഏതായാലും വരുന്ന അവലോകനയോഗങ്ങളിൽ സർക്കാർ ഇക്കാര്യം പരിഗണിച്ചേക്കും. അങ്ങനെയെങ്കിൽ ഒരുത്തരവിലൂടെ മാസ്കിന്റെ കാര്യത്തിൽ തീരുമാനമാകും. ഇതിനിടെ മാസ്ക് ധരിക്കാത്തവർക്കെതിരെ കേസെടുക്കുന്നതും തൽക്കാലം കുറച്ചിട്ടുണ്ട്.