ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള ശിപാർശക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സ്ത്രീകളുടെ വിവാഹപ്രായം 18 വയസിൽ നിന്ന് 21 വയസാക്കിയാവും ഉയർത്തുക. ഇതോടെ സ്ത്രീകളുടേയും പുരുഷൻമാരുടേയും വിവാഹപ്രായം 21 ആകും. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ വിവാഹപ്രായം ഉയർത്തുന്നത് പരിഗണനയിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ബാലവിവാഹം തടയുന്ന നിയമം, സ്പെഷ്യൽ മാരജ് ആക്ട്, വ്യക്തിനിയമം, ഹിന്ദുമാരേജ് ആക്ട് എന്നിവയിൽ ഭേദഗതി വരുത്തും.
ജയ ജെയ്റ്റ്ലിയുടെ നേതൃത്വത്തിൽ നീതി ആയോഗ് നിയോഗിച്ച സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാറിന്‍റെ നിർണായക തീരുമാനം.
മാതൃമരണനിരക്ക് കുറക്കൽ, പോഷകാഹാരകുറവ് പരിഹരിക്കൽ തുടങ്ങിയവയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നീതി ആയോഗ് പ്രത്യേക സമിതിയെ നിയോഗിച്ചത്. ജനന നിയന്ത്രണത്തിനല്ല തന്‍റെ റിപ്പോർട്ട് പ്രാധാന്യം നൽകുന്നതെന്ന് ജയ ജെയ്റ്റ്ലി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. ജനന നിരക്ക് ഇപ്പോൾ നിയന്ത്രണത്തിലാണ്. എന്നാൽ റിപ്പോർട്ടിലൂടെ സ്ത്രീകളെ ശാക്തീകരിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞിരുന്നു.