കൊച്ചി : ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ പോക്സോ കേസിൽ കോഴിക്കോട് സ്വദേശി അഞ്ജലി റിമ ദേവ് ബുധനാഴ്ച കൊച്ചിയിൽ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. എന്നാൽ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളോട് ഇവർ കാര്യമായി പ്രതികരിച്ചിട്ടില്ല. കേസ് വിവരങ്ങൾ ചോദിച്ചപ്പോൾ ആരോപണങ്ങളെല്ലാം ഇവർ നിഷേധിച്ചു. സംഭവസമയത്ത് ഇവരുടെ കൈവശമുണ്ടായിരുന്ന ഫോൺ എവിടെയെന്ന ചോദ്യത്തിന് അത് നഷ്ടപ്പെട്ടുപോയെന്ന മറുപടിയാണ് നൽകിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്കുശേഷമാണ് ഇവർ സി.ഐ. അനന്തലാലിനു മുമ്പാകെ ചോദ്യം ചെയ്യലിന് എത്തിയത്. ആറുമണിവരെ മാത്രമേ ചോദ്യം ചെയ്യൽ തുടർന്നുള്ളൂ. വെള്ളിയാഴ്ച വീണ്ടും എത്താൻ നിർദേശിച്ചിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോൺ വെള്ളിയാഴ്ച ഹാജരാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസും അന്വേഷണ സംഘം നൽകി.
ജോലി വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊച്ചിയിൽ എത്തിച്ച് പീഡിപ്പിച്ച് ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. മൂന്നാം പ്രതിയാണ് അഞ്ജലി. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായി ഇവർ രാവിലെ എറണാകുളം പോക്സോ കോടതിയിൽ അഭിഭാഷകനൊപ്പം എത്തിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും എന്നാണെങ്കിലും സത്യം തെളിയുമെന്നും പുറത്തിറങ്ങിയ ഇവർ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേ പറഞ്ഞു. കോടതിയിലെത്തിയപ്പോൾ അഞ്ജലിക്ക് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് എത്താൻ നേരിട്ട് നോട്ടീസ് നൽകി. ഇതോടെയാണ് മൂന്നുമണിക്കു ശേഷം അന്വേഷണ സംഘത്തിനു മുന്നിൽ ഇവരെത്തിയത്.
ഹോട്ടലിൽ നടന്ന നിശാ പാർട്ടിയുടെയും പെൺകുട്ടികളെ ഇവിടേക്ക് എത്തിച്ചതിന്റെയും ദൃശ്യങ്ങൾ അടക്കം പോലീസിന്റെ കൈയിലുണ്ട്. അതിന്റെ അടിസ്ഥാനത്തിലാകും വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യൽ. കേസിൽ ശക്തമായ തെളിവുകൾ ഉണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കി. കേസിൽ ഹൈക്കോടതി നേരത്തേ ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും ഇവർ കൈപ്പറ്റിയിരുന്നില്ല.