പാലക്കാട്: മുതലമട ചപ്പക്കാട്ടെ ആദിവാസി യുവാക്കളെ കാണാതായിട്ട് ഇരുനൂറ് ദിവസം പിന്നിട്ടു. തമിഴ്‌നാട്ടിലടക്കം അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പൊലീസിന് യാതൊരു തുമ്പും കിട്ടിയില്ല. പ്രദേശത്ത് നിന്നും ലഭിച്ച തലയോട്ടിയുടെ ഡിഎന്‍എ പരിശോധന ഫലമാകും ഇനി അന്വേഷണത്തിന്റെ ഗതി നിര്‍ണയിക്കുക. കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിന് രാത്രിയാണ് ചപ്പക്കാട് നിന്നും സ്റ്റീഫന്‍, മുരുകേശന്‍ എന്നീ യുവാക്കളെ കാണാതായത്. പ്രദേശത്തും വനമേഖലയിലും വ്യാപക തെരച്ചില്‍ നടത്തി. എന്നാല്‍ യാതൊരു തെളിവും ലഭിച്ചില്ല. തുടര്‍ന്ന് പാലക്കാട് എസ് പി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തില്‍ അന്വേഷണം സംഘം രൂപീകരിച്ചു. പക്ഷേ കാര്യമായ പുരോഗതിയുണ്ടായില്ല.
ഇതിനിടയാണ് ചപ്പക്കാട് ആലാംപാറിയില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരി 12 ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. ഡിഎന്‍എ വേര്‍തിരിക്കാനുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം തൃശൂരിലെ റീജിയണല്‍ ലാബിലേക്ക് തലയോട്ടി കൈമാറി. 20നും 40നും ഇടയ്ക്ക് പ്രായമുള്ളയാളുടേതാണ് തലയോട്ടിയെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്റ്റീഫന്റേയും മുരുകേശന്റെയും കുടുംബാഗംങ്ങളുടെ രക്ത സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ പരിശോധന ഫലം വേഗത്തില്‍ പുറത്തുവിടണമെന്നാണ് ഇരുവരുടേയും കുടുംബം ആവശ്യപ്പെടുന്നത്.
ഓഗസ്റ്റ് 30-ന് രാത്രി 10-ന് ചപ്പക്കാട് ലക്ഷംവീട് കോളനിയില്‍നിന്ന് സാമുവല്‍ ജോലിചെയ്തിരുന്ന തോട്ടത്തിന്റെ ഭാഗത്തേക്ക് ഇരുവരും പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഇതിനുശേഷമാണ് ഇവരെ കാണാതാത്. ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ 60 ദിവസം അന്വേഷണം നടത്തിയ ലോക്കല്‍ പൊലീസിനും പിന്നീട് 89 ദിവസമായി അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന ക്രൈംബ്രാഞ്ചിനും ഇവരെ കണ്ടെത്താനായില്ല.
കൂട്ടത്തില്‍ സാമുവല്‍ മാത്രമാണ് ഫോണ്‍ ഉപയോഗിച്ചിരുന്നത്. ഓഗസ്റ്റ് 30-ന് രാത്രി 10.30 മുതല്‍ ഓഫായതിനാല്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം വഴിമുട്ടി. പൊലീസ് നായ അവസാനമായി സാമുവലിന്റെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭിച്ച സ്വകാര്യതോട്ടത്തിലെ ഷെഡ്ഡിനുസമീപത്തെത്തിയത് സംശയമുണര്‍ത്തിയിരുന്നു. എന്നാല്‍ യുവാക്കളെ കാണാതായ രാത്രിയിലും പൊലീസ് നായ വന്നതിനു മണിക്കൂറുകള്‍ക്കു മുമ്പും മഴ പെയ്തിരുന്നതിനാല്‍ നായയെ ഉപയോഗിച്ചുള്ള പരിശോധനയും വിഫലമായി. സ്വകാര്യതോട്ടങ്ങളിലും സമീപത്തെ വനപ്രദേശങ്ങളിലും വനം, അഗ്നിശമനസേന, നാട്ടുകാര്‍ എന്നിവരൊത്ത് പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന നടത്തി. മണ്ണിനടിയിലുള്ള മൃതശരീരം തിരിച്ചറിയാന്‍ ശേഷിയുള്ള ബെല്‍ജിയം ഇനം നായയെ എത്തിച്ച് പരിശോധിച്ചിട്ടും തുമ്പൊന്നും ലഭിച്ചില്ല.