കണ്ണൂർ: ജെൻഡർ ബജറ്റടക്കമുള്ള കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ സ്ത്രീപക്ഷ നിലപാടിന് സാമൂഹ്യ, സാമ്പത്തിക, രാഷ്‌ട്രീയ, സാംസ്‌കാരിക മാനമുണ്ടെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. കേന്ദ്രസർക്കാർ മനുവാദത്തിലൂന്നി സ്‌ത്രീകളെ പിന്നോട്ടു നയിക്കുമ്പോളാണ് എൽഡിഎഫ് സർക്കാർ സ്‌ത്രീപക്ഷ കേരളം ക്യാമ്പയിന് നേതൃത്വം നൽകുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. കണ്ണൂർ ടൗൺ സ്‌ക്വയറിൽ സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള വനിതാ അസംബ്ലി ഉദ്‌ഘാടനംചെയ്യുകയായിരുന്നു ബൃന്ദ.
സ്വകാര്യമോ വ്യക്തിപരമോ ആയ മതവിശ്വാസത്തെ രാഷ്‌ട്രീയത്തിൽവലിയ ശക്തിയാകുന്നതിന് ബിജെപിയും ആർഎസ്‌എസ്സും ദുരുപയോഗിക്കുകയാണ്. മതത്തെ ഉപകരണമാക്കി സ്‌ത്രീകളെയും ഇവർ പലവിധത്തിൽ വിഭജിക്കുന്നു. ഭരണഘടനയിൽവിശ്വസിക്കാത്ത സംഘപരിവാറുകൾ അതിനെ തകർക്കുന്നതിനുള്ള എല്ലാ അവസരങ്ങളെയും ഉപയോഗിക്കുന്നു. സംഘപരിവാർ എക്കാലത്തും സ്‌ത്രീകൾക്കെതിരായ നിലപാടുകളാണ് സ്വീകരിക്കുന്നത്. കർണാടകത്തിൽ മുസ്ലിം പെൺകുട്ടികൾക്കെതിരായി നടന്ന നീക്കം കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. സിഖ് മതവിശ്വാസികളായ കുട്ടികൾ തലപ്പാവ് ധരിക്കാറുണ്ട്.
പഞ്ചാബിൽ പെൺകുട്ടികൾ ദുപ്പട്ടയും ധരിക്കാറുണ്ട്.ജനാധിപത്യപരമായ അവകാശമാണ് ഏത് വസ്ത്രം ധരിക്കണമെന്നത്. എന്നാൽ മുസ്ലിം കുട്ടികൾ തട്ടം ഉപയോഗിച്ച് തലമറയ്‌ക്കുന്നത് നിഷേധിക്കാനാണ് കർണാടകത്തിൽ ബിജെപി മുതിർന്നത്. തലമറച്ച് കുട്ടികൾ സ്‌കൂളിലേക്കോ കോളേജിലേക്കോ വരേണ്ടെന്നാണ് കർണാടകത്തിലെ സർക്കാർ ഉത്തരവ്. ഇന്ത്യയിൽ ഇങ്ങനെ സംഭവിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചതാണോ. സാർവത്രിക വിദ്യാഭ്യാസത്തിനുള്ള അവകാശംപോലും നിഷേധിക്കുന്നതാണിത്. സിപിഐ എം ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്.
മറ്റേതെങ്കിലും തരത്തിലുള്ള പ്രചാരണങ്ങൾക്കിടയിൽ ഇതിലെ യഥാർഥ പ്രശ്‌നം ചർച്ചചെയ്യാതിരിക്കരുത്. ഭരണഘടന ഉറപ്പു വരുത്തുന്ന മൗലിക അവകാശങ്ങൾ ലംഘിക്കുന്ന നീക്കത്തിനെതിരെ സുപ്രീംകോടതി ശരിയായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ മുസ്ലിം മതമൗലിക സംഘടനകൾ നടത്തുന്ന മുതലെടുപ്പും കാണാതിരിക്കരുത്. സ്വന്തം മതത്തിനകത്തും സംഘടനകൾക്കകത്തും ഇതേക്കാൾ അപകടകരമായ നിയന്ത്രണങ്ങൾ നടപ്പാക്കുന്നവരും സങ്കുചിത നേട്ടങ്ങൾക്കായി രംഗത്തുവരികയാണെന്നും ബൃന്ദ പറഞ്ഞു.