തിക്കോടി: പെണ്‍കുട്ടിയെ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്രൊജെക്റ്റ് അസിസ്റ്റന്റ് തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപം കാട്ടുവയലില്‍ മനോജിന്റെ മകള്‍ സിന്ധൂരി എന്ന കൃഷ്ണ പ്രിയ (22) ക്കാണ് തീ പൊള്ളലേറ്റത്. കൂടെയുണ്ടായിരുന്ന തിക്കോടി വലിയ മഠത്തില്‍ നന്ദകുമാര്‍ (30) നും പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ പത്ത് മണിയോടെ ദേശീയപാതക്കരികില്‍ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്‍വശത്താണ് സംഭവം. പെണ്‍കുട്ടി തിക്കോടി പഞ്ചായത്ത് ഓഫീസില്‍ തല്ക്കാലിക ജീവനക്കാരിയാണ്. ജോലിയില്‍ പ്രവേശിച്ചിട്ട് ഒരാഴ്ചയാകുന്നേയുള്ളൂ. ഓഫീസിന് പുറത്തു സംസാരിച്ച് കൊണ്ടിരുന്ന ഇരുവരും തീ പടര്‍ന്ന് പിടിച്ച നിലയിലാണ് ദൃക്സാക്ഷികള്‍ കാണുന്നത്. ഉടനെ പഞ്ചായത്ത് ഓഫീസിലുള്ളവരെ ഇവര്‍ വിവരം അറിയിക്കുകയായിരുന്നു. വെള്ളം ഒഴിച്ച് തീ കെടുത്തിയ ശേഷം ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. പയ്യോളി സിഐ കെ സി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൊയിലാണ്ടി, വടകര ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് ഓരോ യൂണിറ്റ് ഫയര്‍ ഫോഴ്സും ആംബുലന്‍സും സ്ഥലത്തെത്തിയിരുന്നു.