തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ കാൽ വെട്ടിയെടുക്കാൻ ഉപയോഗിച്ച മഴു പോലീസ് കണ്ടെടുത്തു. ഒന്നാം പ്രതി സുധീഷ് (ഉണ്ണി), മൂന്നാംപ്രതി മുട്ടായി ശ്യാം എന്നിവർ നൽകിയ വിവരത്തെ തുടർന്ന് ചിറയിൻകീഴ് അയ്യപ്പ ക്ഷേത്രത്തിന് സമീപത്തുനിന്നാണ് മഴു കണ്ടെടുത്തത്. ഇരുവരെയും റിമാൻഡ് ചെയ്‌തു.
വെമ്പായം ചാത്തൻപാറയിൽനിന്ന് ബുധനാഴ്‌ചയാണ് ഇരുവരും പിടിയിലായത്. രണ്ടാം പ്രതി ഒട്ടകം രാജേഷാണ് ഇനി പിടിയിലാകാനുള്ളത്.
കഴിഞ്ഞ ശനിയാഴ്‌ചയാണ് ഗുണ്ടാപ്പക കാരണം സുധീഷിനെ പോത്തൻകോട് കല്ലൂർ പാണൻവിള കോളനിയിൽവച്ച് വെട്ടിക്കൊന്നത്. തുടർന്ന് കാൽ വെട്ടിയെടുത്ത് ബൈക്കിൽ പോകുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. വെട്ടിയെടുത്ത കാൽപ്പാദം ഉയർത്തിപ്പിടിച്ച് ബൈക്കിന് പിറകിൽ യാത്ര ചെയ്‌തത് ഒന്നാം പ്രതി സുധീഷാണ്. ഒട്ടകം രാജേഷിനായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. ഇയാൾ കോടതിയിൽ കീഴടങ്ങാൻ സാധ്യതയുണ്ടെന്ന സൂചനയെ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇയാളെ ഉടൻ അറസ്‌റ്റ്‌ചെയ്യുമെന്ന് റേഞ്ച് ഡിഐജി സഞ്ജയ് ഗുരുഡിൻ പറഞ്ഞു.