തിരുവനന്തപുരം: സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഡിസംബർ 21 മുതൽ സ്വകാര്യ ബസ് സർവീസ് നിർത്തിവെക്കുമെന്ന് അറിയിച്ച് ബസുടമകൾ. ചാർജ് വർധന ഉൾപ്പടെ സർക്കാർ നൽകിയ വാഗ്ദാനങ്ങളൊന്നും ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്ന് ബസുടമകൾ ആരോപിച്ചു. വിദ്യാർഥികൾക്ക് ചാർജിളവ് നൽകണമെങ്കിൽ നികുതി കുറക്കണം. അല്ലെങ്കിൽ ഡീസൽ സബ്സിഡി നൽകണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു.
നേരത്തെ സര്‍ക്കാരിനെ വെല്ലുവിളിക്കാനില്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ എട്ട് ദിവസം സമയം നൽകുകയാണെന്നും ബസുടമകൾ അറിയിച്ചിരുന്നു. കഴിഞ്ഞ ഒമ്പതുമുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും എട്ടിന് ഗതാഗതമന്ത്രി ചര്‍ച്ചക്ക് വിളിച്ച് 18നുള്ളില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നും സമരത്തില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്ന് സമരം മാറ്റിവെച്ചത്. എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടും അനുകൂലമായ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് ബസുകള്‍ നിരത്തുകളില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാകുന്നത്. ഡീസൽ വില വര്‍ധന കാരണം തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാനോ ബസുകള്‍ അറ്റകുറ്റപ്പണി നടത്താനോ കഴിയാത്ത സ്ഥിതിയാണ് ഉള്ളതെന്നും ഉടമകൾ വ്യക്തമാക്കിയിരുന്നു.