തൃക്കാക്കര : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിൽ ആദ്യ പ്രതികരണവുമായി സി.പി.ഐ.എം സജീവമായി പരിഗണിക്കുന്ന കൊച്ചുറാണി ജോസഫ്. കഴിഞ്ഞ നല് പതിറ്റാണ്ടായി താൻ മണ്ഡലത്തിന്റെ വികസന യാത്രയ്ക്കൊപ്പമുണ്ടെന്ന് കൊച്ചുറാണി പറഞ്ഞു. അത് തൃക്കാക്കര കോളജിലെ മൂന്ന് പതിറ്റാണ്ടായുള്ള അദ്ധ്യാപന പരിചയത്തിന്റെ വെളിച്ചത്തിലും കൂടിയാണ്. ഇടതുമുന്നണി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. മണ്ഡലത്തിലെ ഏത് കാര്യത്തിലും സജീവമാണ്. പാർട്ടി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതുവരെ ഈ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും അവർ വ്യക്തമാക്കി.
സീറോ മലബാർ സഭയുടെ ഔദ്യോഗിക വക്താവ് കൂടിയാണ് കൊച്ചുറാണി ജോസഫ്. ഭാരത് മാതാ കോളജിലെ എക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് ഹെഡായി ഏറെനാൾ പ്രവർത്തിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പാർട്ടി കൊച്ചുറാണിയുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പി.ടി. തോമസിന്‍റെ വിയോഗത്തെ തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. തൃക്കാക്കര നിയോജക മണ്ഡലത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. പി.ടി. തോമസിന്‍റെ വിയോഗത്തെ തുടര്‍ന്ന് തൃക്കാക്കര മണ്ഡലത്തില്‍ ഡിസംബര്‍ 22 മുതല്‍ ഒഴിവു വന്നതായി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.