തിരുവനന്തപുരം : സിൽവർ ലൈൻ ബഫർ സോൺ വിഷയത്തിൽ മന്ത്രി സജി ചെറിയാൻ നിലപാട് തിരുത്തി. ബഫർ സോണുണ്ടെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞത് അംഗീകരിക്കുകയാണെന്നും ഇക്കാര്യത്തിൽ തന്റെ ഭാഗത്തു നിന്നാണ് തെറ്റ് പറ്റിയതെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയിൽ ബഫർ സോണുണ്ടാകുമെന്നും ഈ വിഷയത്തിൽ കെ റെയിൽ എം.ഡി പറഞ്ഞതാണ് വസ്തുതയെന്നും ചൂണ്ടിക്കാട്ടി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയതോടെയാണ് സജി ചെറിയാൻ നിലപാട് തിരുത്തിയത്.
നേരത്തേ ബഫർ സോണുണ്ടാകില്ലെന്ന പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയത് വിവാദമായിരുന്നു. സിൽവർ ലൈനുവേണ്ടി ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ലെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ജനങ്ങളുമായി ചർച്ച നടത്താൻ തയ്യാറാണ്. ബി.ജെ.പി-കോൺഗ്രസ് സമാന്തര സമരത്തെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിൽവർ ലൈൻ വിഷയത്തിൽ സ്വകാര്യ അന്യായവുമായി നാട്ടുകാർ കോടതിയിയെ സമീപിക്കാനൊരുങ്ങുകയാണ്. സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ എതിർ കക്ഷിയാക്കി കേസ് നൽകും. കോഴിക്കോട് കോടതിയിൽ വീട്ടുകാർ പ്രത്യേകമായി പരാതി നൽകും. ഉദ്യോഗസ്ഥരുടെ പേരുകൾ സഹിതം കേസ് നൽകുമെന്നാണ് സമര സമിതി നേതാക്കൾ വ്യക്തമാക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും. പ്രതിഷേധം ശക്തമാകുന്നതും പ്രതിപക്ഷം സില്‍വര്‍ലൈന്‍ വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതും മന്ത്രിസഭാ യോഗം ഇന്ന് വിശദമായി ചര്‍ച്ച ചെയ്യും. പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ വ്യാപകമായ പ്രചാരണം നടത്താന്‍ നേരത്തെ സിപിഐഎം തീരുമാനിച്ചിരുന്നു. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം നിലപാടെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇനി എങ്ങനെ മുന്നോട്ടുപോകണമെന്നത് സംബന്ധിച്ച തീരുമാനങ്ങളാകും ഇന്ന് കൈക്കൊള്ളുക.