ദില്ലി : സിക്കിം ലോട്ടറിക്ക് നികുതി ഏർപ്പെടുത്തിയ കേരള സർക്കാർ നടപടി സുപ്രീംകോടതി ശരിവെച്ചു. 2005ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ പിരിച്ച നികുതി സിക്കിമിന് കൈമാറണമെന്ന ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. 2005ലാണ് പേപ്പർ ലോട്ടറിയായ സിക്കിം ലോട്ടറിക്ക് കേരളം പ്രത്യേക നികുതി ഏർപ്പെടുത്തിയത്. മൂല്യവര്‍ധിത നികുതി നിലവില്‍ വരുകയും ലോട്ടറി നറുക്കെടുപ്പിനു ലൈസന്‍സ് ഫീ ജനറല്‍ ആക്ട് പ്രകാരം നികുതി ഇല്ലാതാക്കുകയും ചെയ്തതോടെയാണ് പ്രത്യേക നികുതി ഏർപ്പെടുത്തിയത്. സിക്കിം സർക്കാരും പാലക്കാട്ടെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രൊപ്രൈറ്റര്‍ എ ജോണ്‍ കെന്നഡിയും കേരളത്തിന്റെ നടപടിക്കെതിരെ ഹൈക്കോടതിയിൽ 2008ലാണ് അപ്പീൽ സമർപ്പിച്ചിരുന്നത്.
നികുതി ഏർപ്പെടുത്തിയ നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. ലോട്ടറി കേന്ദ്ര വിഷയമായതിനാൽ സംസ്ഥാനത്തിന് നികുതി ചുമത്തിക്കൊണ്ട് നിയമം പാസാക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേരളം നികുതിയായി പിരിച്ചത് 250 കോടിയോളം രൂപയാണ്. സംസ്ഥാന സർക്കാർ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ് പുറത്തുവന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പല്ലവ് സിസോദിയ, സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശി എന്നിവരാണ് ഹാജരായത്. ലോട്ടറി ചൂതാട്ടത്തിന്റെ പരിധിയിൽ വരുന്നതിനാൽ സംസ്ഥാനത്തിന് നിയമം പാസാക്കാൻ കഴിയുമെന്ന വാദമാണ് ജസ്റ്റിസ്മാരായ എം ആര്‍ ഷാ, ബി വി നാഗരത്‌ന എന്നവരടങ്ങിയ ബെഞ്ച് ശരിവെച്ചത്.