കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസില്‍ ബൈക്ക്, കാർ റേസിങ്ങിനിടെ അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. വിദ്യാര്‍ഥികളുടെ യാത്രയയപ്പിനോട് അനുബന്ധിച്ചാണ് റേസിങ് നടന്നത്. 22-ാം തീയതിയായിരുന്നു പ്ലസ്ടു വിദ്യാര്‍ഥികളുടെ യാത്രയയപ്പ്.
ഇതിനോടനുബന്ധിച്ചാണ് വിദ്യാര്‍ഥികള്‍ കാറുകളിലും ബൈക്കുകളിലും ഗ്രൗണ്ടിലെത്തിയത്. കാറിന്റെ ബോണറ്റിനു മുകളില്‍ കയറിയിരുന്നും ഡിക്കിയിലിരുന്നും വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. റോഡിൽനിന്ന് ഗ്രൗണ്ടിലേക്ക് വാഹനങ്ങള്‍ കയറ്റിയ ശേഷം വിദ്യാർഥികൾ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയായിരുന്നു. കാഴ്ചക്കാരായി നിരവധി വിദ്യാര്‍ഥികളാണ് ഗ്രൗണ്ടില്‍ തടിച്ചുകൂടിയിരുന്നത്.
പത്ത് വിദ്യാർഥികളാണ് റേസിങ് നടത്തിയതിനു പിന്നിൽ. വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച മോട്ടർ വാഹന വകുപ്പും കേസെടുത്തു. വിദ്യാര്‍ഥികള്‍ ഉപയോഗിച്ച മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തതായും വാഹനമോടിച്ചിരുന്നവര്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്നതടക്കം പരിശോധിച്ചു വരികയാണെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലൈസന്‍സ് ഉണ്ടെങ്കില്‍ അത് റദ്ദാക്കാൻ നടപടി സ്വീകരിക്കും. വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തുെമന്നും ഉദ്യോഗസ്ഥർ അറിയിച്ചു.