തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രസർക്കാർ അംഗീകാരം തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടെങ്കിലും സിൽവർ ലൈൻ പദ്ധതിക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കെ റെയിൽ വിരുദ്ധ സംയുക്തസമരസമിതിയും രംഗത്ത്.
കെ – റെയിൽ സമരവുമായി ശക്തമായി മുന്നോട്ടു പോകുമെന്ന് കെ റെയിൽ വിരുദ്ധ സമര സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവ് പറഞ്ഞു. മുഖ്യമന്ത്രി പറയുന്നത് തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളാണ്. ഭൂമിയേറ്റടുക്കലിന്റെ ഭാഗമായാണ് കല്ലിടൽ നടത്തിയത്. ജില്ലാ കളക്ടർമാർ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. പഞ്ചായത്തുകൾ സർവ്വേ നടന്ന പ്രദേശത്തെ വീടുകൾക്ക് നമ്പർ ഇടുന്നില്ല. അലൈൻമെന്റിൽ ഉൾപ്പെടാത്ത സ്ഥലമാണെന്ന് റവന്യു വകുപ്പിന്റെ റിപ്പോർട്ട് വേണമെന്നാണ് പറയുന്നത്. സമരങ്ങളെ അപകർത്തിപ്പെടുത്താനാണ് തീവ്രവാദ പ്രചരണം മുഖ്യമന്ത്രി നടത്തുന്നത്. മുമ്പും മുഖ്യമന്ത്രി പല സമരങ്ങൾക്കെതിരെയും ഇതേ ആക്ഷേപം ഉന്നയിച്ചിട്ടുണ്ടെന്നും എസ്.രാജീവ് പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരത്തിൽ ജയിലിൽ പോകാൻ എല്ലാ യുഡിഎഫ് പ്രവർത്തകരും തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 64000 കോടിയുടെ കണക്ക് മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് അറിയില്ല. പ്രധാനമന്ത്രിയെ കണ്ട ശേഷം മുഖ്യമന്ത്രി പറഞ്ഞതെല്ലാം പഴയ കാര്യങ്ങളാണ്. പ്രവർത്തകർക്കും നേതാക്കൾക്കും എതിരെ ജാമ്യമില്ല വകുപ്പ് വച്ചാണ് കേസ് എടുക്കുന്നത്. എതിർശബ്ദമുയർന്നാൽ എല്ലാത്തിലും വർഗീയത ആരോപിക്കുകയാണ് സിപിഎം. ഞങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് സി പി എമ്മിന് ഉത്തരമില്ല. സജി ചെറിയാന്റെ വീട് ഒഴിവാക്കാൻ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്ന ആരോപണത്തിന് കൃത്യമായ മറുപടി പറയാൻ പോലും മന്ത്രിക്ക് കഴിയുന്നില്ല. കെ റെയിൽ വിഷയത്തിൽ സർക്കാരും സംഘ പരിവാറും തമ്മിൽ ഒത്തുതീർപ്പിന് ഇടനിലക്കാരുണ്ടെന്നും ഇവർ ഒരാഴ്ചയായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും സതീശൻ ആരോപിച്ചു.
സിൽവർ ലൈൻ പദ്ധതിയിൽ പ്രധാനമന്ത്രിയുടെ പിന്തുണ ഉണ്ടെന്ന് വ്യാജ പ്രചാരണമാണ് പിണറായി വിജയൻ നടത്തുന്നതെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. പ്രധാനമന്ത്രിയുടെ പേരിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എല്ലാ മുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രിക്ക് ഒരേ സമീപനമാണ്. സിൽവർ ലൈൻ പദ്ധതിയിൽ താൻ റെയിൽവേ മന്ത്രിയോട് സംസാരിക്കാം എന്നാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് നൽകിയ മറുപടി. ജനപിന്തുണയുണ്ടെന്ന് വരുത്താനുള്ള പിആർ പരിപാടിയുടെ ഭാഗമാണ് മുഖ്യമന്ത്രിയുടെ ദില്ലി സന്ദർശനം. സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രം ഒരു അനുമതിയും നൽകിയിട്ടില്ല. പെട്ടെന്ന് അനുമതി നൽകേണ്ട തരം പദ്ധതിയല്ല ഇത്. ഇങ്ങനെ പോയി അനുമതി വാങ്ങാനാവില്ല. തിരുത്തിയ ഡിപിആർ ഇതുവരെ കേരളം കേന്ദ്രത്തിന് നൽകിയിട്ടില്ല. സിൽവർ ലൈൻ പദ്ധതിയിൽ അനുമതിയുടെ ഒരു ഘട്ടം പോലും ആയിട്ടുമില്ല – സുരേന്ദ്രൻ ആരോപിച്ചു.