പാകിസ്താൻ : പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇന്ന് നിർണ്ണായക ദിനം. ഇമ്രാന്‍ഖാനെതിരായ അവിശ്വാസപ്രമേയം ഇന്ന് നാഷണല്‍ അസംബ്ലി പരിഗണിക്കും. ഏതാനം ഘടകക്ഷികളും സ്വന്തം പാര്‍ട്ടിയിലെതന്നെ എം.പിമാരും ഇമ്രാന് ഖാനെതിരെ തിരിഞ്ഞതോടെ അവിശ്വാസം പാസാവുമെന്നാണ് സൂചന. പാകിസ്താൻ പട്ടാളത്തിന്റെ പിന്തുണ നഷ്ടപ്പെട്ടതും ഇമ്രാന് ഖാന് തിരിച്ചടിയാവും. എംഎൽഎമാരെ അനുനയിപ്പിക്കാൻ ഇമ്രാൻ ഖാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇവർ ഇന്ന് നടക്കുന്ന അടിയന്തിര പ്രമേയത്തെ പിന്താങ്ങുമെന്നാണ് സൂചന. അതേസമയം താൻ രാജിവെയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇമ്രാൻ ഖാൻ.
ഇന്ന് രാവിലെ 11 മണിക്ക് പാർലമെന്റ് സമ്മേളനം ചേരും. ദേശീയ അസംബ്ലിയുടെ 41-ാമത് സെഷനാണിത്. മാർച്ച് 21നകം ദേശീയ അസംബ്ലി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പാകിസ്താൻ മുസ്ലീം ലീഗ്-നവാസ്, പാകിസ്താൻ പീപ്പിൾസ് പാർട്ടി എന്നിവയിലെ നൂറോളം നിയമസഭാംഗങ്ങൾ മാർച്ച് എട്ടിനാണ് ദേശീയ സെക്രട്ടറിയേറ്റിന് മുൻപാകെ അവിശ്വാസ പ്രമേയം സമർപ്പിച്ചത്. ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ തെഹ്രികെ ഇൻസാഫ് സർക്കാർ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയ്ക്കും പണപ്പെരുപ്പത്തിനും വഴിയൊരുക്കിയെന്ന് ആരോപിച്ചാണ് അവിശ്വാസ പ്രമേയം.
അവിശ്വാസ പ്രമേയത്തിന് മുൻപ് രാജിവെയ്ക്കില്ലെന്നും ഇമ്രാൻ ഖാൻ അറിയിച്ചിരുന്നു. ‘ഒരു സാഹചര്യത്തിലും രാജിവയ്ക്കില്ല, അവസാന പന്ത് വരെ കളിക്കും. അവർ ഇപ്പോഴും സമ്മർദ്ദത്തിലാണ്. ഞാൻ ഇതുവരെയും കാർഡുകളൊന്നും ഉപയോഗിച്ചില്ലെന്നതാണ് എന്റെ തുറുപ്പുചീട്ട്. അവിശ്വാസ പ്രമേയത്തിൽ ഞാൻ എല്ലാവരേയും അത്ഭുതപ്പെടുത്തും’ എന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. 342 അംഗ ദേശീയ അസംബ്ലിയിൽ 176 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാൻ ഖാൻ 2018ൽ അധികാരത്തിലേറുന്നത്.