തിരുവനന്തപുരം: സിൽവർലൈൻ സർവേക്കെതിരെയുള്ള ജനകീയ പ്രതിരോധം പലയിടത്തും സംഘർഷത്തിലെത്തിയതിനു പിന്നാലെ സർക്കാരിനെതിരെ വിമർശനവുമായി സിപിഐ. ചില കാര്യങ്ങൾ സർക്കാർ തിരുത്തണമെന്നു സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയും ദേശീയ കൗൺസിൽ അംഗവുമായ കെ.പ്രകാശ് ബാബു പറഞ്ഞു.
പദ്ധതിയെ എതിര്‍ക്കുന്ന എല്ലാവരും ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ലെന്നും ഉദ്യോഗസ്ഥര്‍ എന്തിനാണ് ധൃതി കാട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു. ആശങ്കകള്‍ പരിഹരിച്ചാല്‍ ജനങ്ങള്‍ തന്നെ പ്രതിപക്ഷത്തിനെതിരെ രംഗത്തുവരുമെന്നും പ്രകാശ് ബാബു പറഞ്ഞു. പദ്ധതി ഇന്നുതന്നെ നടപ്പിലാക്കിയേ മതിയാകൂ എന്നില്ല, സമാധാനപരമായ അന്തരീക്ഷത്തിലെ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയൂവെന്നും പ്രകാശ് ബാബു പറഞ്ഞു.
പരിസ്ഥിതി വിഷയങ്ങളിലും സാമൂഹിക ആഘാത പഠനങ്ങളിലും സർക്കാർ സ്വീകരിക്കുന്ന നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തി ആശങ്ക അകറ്റണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോടു യുദ്ധപ്രഖ്യാപനം നടത്തിയല്ല വികസന പദ്ധതി നടപ്പാക്കേണ്ടതെന്നു സിപിഐ നേരത്തെ തന്നെ നിലപാട് അറിയിച്ചിരുന്നു. പ്രതിപക്ഷത്തിന് ആയുധം കൊടുക്കരുതെന്നും ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിച്ചും വിയോജിപ്പ് ഇല്ലാതാക്കിയും മാത്രമേ പദ്ധതിയുമായി മുന്നോട്ടുനീങ്ങാവുവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു.