ഹൃദയത്തില്‍ നിന്ന് പമ്പ് ചെയ്യുന്ന ഓക്സിജന്‍ അടങ്ങിയ രക്തം വിവിധ അവയവങ്ങളിലേക്ക് എത്തിക്കുന്ന ജോലി നിര്‍വഹിക്കുന്നത് ശരീരമെങ്ങും പടര്‍ന്നു കിടക്കുന്ന രക്തധമനികളാണ്. ഈ ധമനികളുടെ ഭിത്തികളില്‍ രക്തം അമിതമായ മര്‍ദ്ദം ചെലുത്തുന്നതിനെയാണ് ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദം എന്നു വിളിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിച്ച് മരണത്തിലേക്കുതന്നെ നയിക്കാവുന്ന പ്രശ്നമാണ്.
ഹൃദയം
ധമനികള്‍ക്ക് ക്ഷതമുണ്ടായാല്‍ അവയവങ്ങളിലേക്ക് രക്തമെത്തിക്കുന്നതിന് ഹൃദയത്തിന് ഇരട്ടി പണിയെടുക്കേണ്ടി വരും. ഇത് ഹൃദയാഘാതത്തിലേക്കും ഹൃദയസ്തംഭനത്തിലേക്കും നയിക്കാന്‍ സാധ്യതയുണ്ട്.
രക്തധമനികള്‍
ഉയര്‍ന്ന രക്തസമ്മര്‍ദം രക്തധമനികളുടെ ഭിത്തിയുടെ ഉള്ളിലുള്ള കോശങ്ങള്‍ക്ക് നാശം വരുത്തുന്നു. ഇത് ധമനികളുടെ ഭിത്തികള്‍ വലിഞ്ഞു മുറുകുന്നതിനും പുറത്തേക്ക് തള്ളുന്നതിനും കാരണമാകും.
തലച്ചോര്‍
അനിയന്ത്രിതമായ രക്തസമ്മര്‍ദം തലച്ചോറിലെ ധമനികള്‍ പൊട്ടി പക്ഷാഘാതത്തിലേക്ക് നയിക്കാം. തലച്ചോറിന്‍റെ ധാരണാശേഷിയെ ബാധിക്കുന്ന വാസ്കുലാര്‍ ഡിമന്‍ഷ്യയ്ക്കും ഇത് കാരണമാകാം.
വൃക്കതകരാര്‍
വൃക്കകളിലേക്ക് രക്തമെത്തിക്കുന്ന ധമനികളിലുണ്ടാകുന്ന പ്രശ്നം വൃക്കകള്‍ക്ക് ഓക്സിജനോ അവശ്യ പോഷണങ്ങളോ ലഭിക്കാതിരിക്കാന്‍ കാരണമാകും. ഇത് വൃക്കസ്തംഭനത്തിലേക്ക് നയിക്കാം.
കണ്ണുകള്‍
സ്ഥിരമായി രക്തസമ്മര്‍ദം ഉയര്‍ന്നിരിക്കുന്നത് കണ്ണുകളിലെ ചെറിയ രക്തക്കുഴലുകള്‍ക്ക് ക്ഷതം വരുത്തും. ഇത് മങ്ങിയ കാഴ്ചയ്ക്കും കാഴ്ച ശക്തി തന്നെ നഷ്ടപ്പെടാനും കാരണമാകാം.
ലൈംഗിക പ്രശ്നം
ലൈംഗികാവയവങ്ങളിലേക്ക് ആവശ്യത്തിന് രക്തമെത്താതിരിക്കുന്ന അവസ്ഥ അവയുടെ നാശത്തിലേക്ക് നയിക്കാം. പുരുഷന്മാരില്‍ ഉദ്ധാരണപ്രശ്നങ്ങളും സ്ത്രീകളില്‍ ലൈംഗിക ചോദനയില്ലായ്മയും ഇത് സൃഷ്ടിക്കാം.
എല്ലുകള്‍
ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവരുടെ മൂത്രത്തിലൂടെ കാല്‍സ്യമെല്ലാം ശരീരത്തിനു പുറത്തു പോകാന്‍ സാധ്യതയുണ്ട്. ഇത് എല്ലുകളെ ദുര്‍ബലപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
സ്ലീപ് അപ്നിയ
ഉറക്കത്തില്‍ ശ്വാസം നിലയ്ക്കുന്ന സ്ലീപ് അപ്നിയയ്ക്കും ഉയര്‍ന്ന രക്തസമ്മര്‍ദം കാരണമാകാം. ഉറക്കമില്ലായ്മ, ഉറക്കത്തിന്‍റെ നിലവാരം നഷ്ടമാകല്‍ എന്നിവയും ഇതിന്‍റെ ഭാഗമായി സംഭവിക്കാം.