ദില്ലി : ഉത്തർപ്രദേശിൽ സൗജന്യ റേഷൻ നീട്ടി. രണ്ടാം യോഗി സർക്കാരിൻ്റെ ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. മൂന്ന് മാസത്തേക്കാണ് സൗജന്യ റേഷൻ നീട്ടിയത്. സൗജന്യ റേഷൻ വിതരണം അവസാനിക്കാനിരിക്കെയാണ് യോഗി സർക്കാരിൻ്റെ നടപടി. ജനസംഖ്യയിൽ ഇന്ത്യയിൽ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. വലിപ്പം കൊണ്ടും വേരാഴ്ന്നു കിടക്കുന്ന ജാതി വ്യവസ്ഥ കൊണ്ടും അതിസങ്കീർണ്ണമാണ് ഉത്തർപ്രദേശിൽ ഭരണം. ഏത് വലിയ നേതാവിനും അടിപതറാൻ ഇടയുള്ള ഗോഥ. അവിടെയാണ് യോഗി ആദിത്യനാഥ് രണ്ടാം തവണയും ഭരണത്തിലേറുന്നത്. അക്രമങ്ങളും, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും വലിയ വെല്ലുവിളിയായി നിലനിന്നിരുന്ന സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിച്ചു എന്നതാണ് ഭരണനേട്ടമായി ബിജെപി തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടിയത്.
ബുള്‍ഡോസർ ബാബ പോലുള്ള പ്രയോഗങ്ങളിലൂടെ ആ പ്രതിഛായ യോഗി ഊട്ടി ഉറപ്പിച്ചു. ക്രമസമാധാനം മെച്ചപ്പെടുത്തുക എന്നത് തന്നെയാവും രണ്ടാം ഭരണത്തിലും യോഗിക്ക് മുന്നിലെ പ്രധാന വെല്ലുവിളി. ഹാത്രസ്, ഉന്നാവ്, ലഖിംപൂർഖേരി ഉൾപ്പടെ വിവിധ സംഭവങ്ങൾ കഴിഞ്ഞ ഭരണകാലത്ത് യോഗിക്ക് മേൽ നിഴൽ വീഴ്ത്തിയതാണ്. എന്നാൽ അതൊന്നും വോട്ടർമാരെ സ്വാധീനിച്ചില്ല. ഏൻറി റോമിയോ സ്ക്വാഡ് പോലുള്ള പദ്ധതികളിലൂടെ സ്ത്രീകളുടെ വിശ്വാസം നേടിയെടുക്കാൻ യോഗി ആദിത്യനാഥിനായി. നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയും പത്തു വർഷം തടവും ശിക്ഷ ഏർപ്പെടുത്തുമെന്നതുൾപ്പടെ പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങളിലൂടെ ഭൂരിപക്ഷത്തിനെ ഒപ്പം കൂട്ടി. ഈ വാഗ്ദാനങ്ങൾ എത്രയും വേഗം യാഥാർഥ്യമാക്കാനാകും പുതിയ മന്ത്രിസഭയുടെ ആദ്യ ദൗത്യം.അതേ സമയം പട്ടിണിയിൽ ഇന്ത്യയിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് ഇപ്പോഴും യുപി. തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണവും കുത്തനെ ഉയരുകയാണ്. ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാതെ നിയുക്ത മുഖ്യമന്ത്രിക്ക് മുന്നോട്ട് പോകാൻ കഴിയില്ല.