തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബികടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ഈ മാസം മുപ്പതാം തിയതിവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ ഭാഗമായി രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു.
ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടിമിന്നൽ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.




















