പറ്റ്ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം. അദ്ദേഹത്തിന്റെ ജന്മനാടായ ഭക്തിയാർപൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കവേയാണ് ആക്രമണമുണ്ടായത്. പ്രകോപിതനായി എത്തിയ അക്രമി മുഖ്യമന്ത്രിയെ പുറകിലൂടെ മർദ്ദിക്കുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലൂടെയാണ് ഇയാൾ മുഖ്യമന്ത്രിക്കരികിലെത്തിയത്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തതായാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനി ശിൽഭദ്ര യാജിയുടെ പ്രതിമയിൽ ആദരാഞ്ജലി അർപ്പിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പുറകിലൂടെ വന്ന അക്രമി ഡെയ്സിൽ കയറുകയും പ്രതിമയിൽ പുഷ്പാഞ്ജലി അർപ്പിക്കാൻ കുനിഞ്ഞിരുന്ന മുഖ്യമന്ത്രിയെ അടിക്കുകയുമായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.