അബുദാബി: കരമാർഗം യുഎഇയിലേക്കു വരുന്ന വാക്സീൻ എടുത്തവർക്ക് മറ്റന്നാൾ മുതൽ പിസിആർ നെഗറ്റീവ് സർട്ടഫിക്കറ്റ് ആവശ്യമില്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. അതിർത്തിയിൽ ഇ.ഡി.ഇ സ്കാനർ പരിശോധന മാത്രമേയുണ്ടാകൂ. വ്യോമ മാർഗം യുഎഇയിലേക്കു വരുന്ന വാക്സീൻ എടുത്തവർക്ക് ടെസ്റ്റ് വേണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ കര, നാവിക, വ്യോമ മാർഗം വരുന്ന വാക്സീൻ എടുക്കാത്തവർക്ക് 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ടെസ്റ്റ് അതിർത്തി ചെക് പോസ്റ്റിൽ കാണിച്ചിരിക്കണം. ഇതേസമയം അബുദാബിയിലെ പൊതു സ്ഥലങ്ങളിലേക്കു പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് കാണിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. ഇതിനായി പിസിആർ ടെസ്റ്റ് എടുക്കേണ്ടിവരും.
ടെസ്റ്റിൽ നെഗറ്റീവ് ഫലം ലഭിക്കുന്ന യുഎഇ താമസ വീസയുള്ളവർക്ക് 14 ദിവസത്തേക്കും സന്ദർശക വീസയിലുള്ളവർക്ക് 7 ദിവസത്തേക്കുമാണ് ഗ്രീൻപാസ് ലഭിക്കുക. നേരത്തെ 30 ദിവസത്തേക്കു ഗ്രീൻപാസ് ലഭിച്ചിരുന്നുവെങ്കിലും ഒമിക്രോണിന്റെ വരവോടെ പരിധി കുറയ്ക്കുകയായിരുന്നു. നിലവിൽ കോവിഡ് ബാധിച്ചവർക്ക് അവസാന 2 ടെസ്റ്റിൽ നെഗറ്റീവായാൽ 30 ദിവസത്തേക്കു ഗ്രീൻപാസ് നൽകുന്നുണ്ട്.
കര അതിർത്തി നിയമത്തിലെ ഇളവ് ഒമാൻ, സൗദി അറേബ്യ തുടങ്ങി അയൽ രാജ്യങ്ങളിൽനിന്ന് യുഎഇയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ആശ്വാസമാകും. പ്രത്യേകിച്ച് റസമാൻ, പെരുന്നാൾ വിശേഷ ദിവസങ്ങളിൽ അയൽ രാജ്യങ്ങളിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തേക്ക് പോകുന്നവരുടെ എണ്ണവും കൂടും.