കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിലെ തൂണുകൾ മുഴുവൻ പരിശോധിക്കുന്നതിനുള്ള ജോലികൾ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ആരംഭിച്ചു. പത്തടിപ്പാലത്തെ 347ാം തൂണിന് ചരിവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 513 തൂണുകളും പരിശോധിക്കും.
ഇതുവരെ മറ്റു പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കൂടുതൽ നടപടികൾ ആവശ്യമെങ്കിൽ മറ്റ് ഏജൻസികളുടെ സഹായം തേടുമെന്നും കെഎംആർഎൽ എം ഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. തൂണുകളുടെ നിർമാണം സംബന്ധിച്ച മുഴുവൻ വിവരവും കെഎംആർഎലിന്റെ കൈവശമുണ്ട്. ഓരോ തൂണിനും ഉപയോഗിച്ച കമ്പിയുടെയും സിമന്റിന്റെയും അളവ്, പൈലുകളുടെ ആഴം, നിർമാണത്തിനെടുത്ത സമയം തുടങ്ങിയ വിവരങ്ങളുടെ രേഖകൾ അടിസ്ഥാനമാക്കിയാണ് പരിശോധന പുരോഗമിക്കുന്നത്.
പില്ലറുകളുടെ അതേ ആഴത്തിൽ സമീപത്ത് കുഴിയെടുത്ത് നടത്തുന്ന ജിയോ ടെക്‌നിക്കൽ പരിശോധനയ്‌ക്ക് കൂടുതൽ സമയമെടുക്കും. പത്തടിപ്പാലത്തെ 347ാം തൂണ് ബലപ്പെടുത്താനുള്ള ജോലികൾ പുരോഗമിക്കുകയാണ്. ബലപ്പെടുത്താനായി നിർമിക്കുന്ന പൈലുകളുടെ കോൺക്രീറ്റിങ് തിങ്കളാഴ്‌ച ആരംഭിക്കാനിരുന്നതാണ്. എന്നാൽ പൊതുപണിമുടക്കുമൂലം തുടങ്ങാനായില്ല.