തിരുവനന്തപുരം : നിലവിലുള്ള നിയമം അനുസരിച്ച്, യോഗ്യതയുള്ളവര്‍ക്കു ബ്രൂവറി ലൈസന്‍സ് അനുവദിക്കാൻ മദ്യനയത്തിൽ അനുമതി. നിലവിൽ ചാലക്കുടിയിലും കഞ്ചിക്കോടും ചേർത്തലയിലുമാണു ബീയർ നിർമാണ കേന്ദ്രങ്ങളുള്ളത്. സംസ്ഥാനത്തു ബീയറിന്റെ ലഭ്യതക്കുറവ് പരിഹരിക്കാനാണു കൂടുതൽ ബ്രൂവറി ലൈസൻസ് അനുവദിക്കുന്നത്.
3 സ്റ്റാര്‍ മുതല്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്കാണു സംസ്ഥാനത്തു ബാര്‍ ലൈസന്‍സ്. ഈ നിയന്ത്രണങ്ങള്‍ തുടരും. 2023-24 വര്‍ഷം മുതല്‍ പ്ലാസ്റ്റിക് നിര്‍മിത കുപ്പികളിൽ മദ്യം വിതരണം ചെയ്യാന്‍ അനുവദിക്കില്ല. മദ്യമേഖലയിലെ വിവിധ ലൈസൻസ് ഫീസുകൾ വർധിപ്പിച്ചു. കേരളത്തിലെ ഡിസ്റ്റലറികളും വിദേശമദ്യ (ബ്ലൻഡിങ് ആൻഡ് ബോട്ടിലിങ്) യൂണിറ്റുകളും മറ്റു സംസ്ഥാനങ്ങളിലെ ഇത്തരം സ്ഥാപനങ്ങളുമായി സഹകരിച്ച് മദ്യം ഉൽപാദിപ്പിക്കുന്നതിനു ഫീസ് 2 ലക്ഷത്തില്‍നിന്ന് 5 ലക്ഷമായി വര്‍ധിപ്പിക്കും.
സിഎസ്ഡി വഴിയും സിപിസി വഴിയും വിൽപന നടത്തുന്ന വിദേശമദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി 21 രൂപയില്‍നിന്നു ലീറ്ററിന് 25 രൂപയായി വര്‍ധിപ്പിക്കും. വിദേശമദ്യം ചട്ടം 34 അനുസരിച്ച് ഈടാക്കുന്ന ഫൈന്‍ നിലവിലെ 15,000 രൂപ, 50,000 രൂപ എന്നത് യഥാക്രമം 30,000 രൂപ, 1 ലക്ഷം രൂപ എന്നാക്കി ഉയര്‍ത്തും. ബാര്‍ ലൈസന്‍സില്‍ സര്‍വീസ് ഡെസ്‌ക് സ്ഥാപിക്കുന്നതിനു 25,000 രൂപ എന്നത് 50,000 രൂപയാക്കി ഉയര്‍ത്തും. അഡീഷനല്‍ ബാര്‍ കൗണ്ടറിന് 30,000 രൂപയെന്നത് 50,000 രൂപയാക്കി.
കേരളത്തിലെ ഡിസ്റ്റലറികള്‍ അവരുടെ ബ്രാന്‍ഡ് റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫീസ് 75,000 രൂപയിൽനിന്ന് ഒരു ലക്ഷം രൂപയാക്കി. കേരളത്തിലെ ഡിസ്റ്റലറികളില്‍ സംസ്ഥാനത്തിനു പുറത്തുള്ള ഡിസ്റ്റലറികള്‍ വിദേശമദ്യം ഉൽപാദിപ്പിക്കുമ്പോള്‍ അവയുടെ ബ്രാൻഡ് റജിസ്‌ട്രേഷന്‍ ഫീസ് 3 ലക്ഷമെന്നതു 4 ലക്ഷമാക്കി. ഗ്ലാസ് ബോട്ടിലുകളും ക്യാനുകളും ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഗ്ലാസ് ബോട്ടിലുകളിലും ക്യാനുകളിലും വില്‍ക്കുന്ന മദ്യത്തിന്റെ ബ്രാന്‍ഡ് റജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ചില്ല.
കോവിഡ് കാലത്ത് സർക്കാർ നിർദേശപ്രകാരം പ്രവർത്തനം നിർത്തിയ ബാർ, ബീയർ–വൈൻ പാർലർ, ക്ലബുകൾ തുടങ്ങിയവയുടെ, പ്രവര്‍ത്തനം നിര്‍ത്തി വച്ചിരുന്ന കാലഘട്ടത്തിലെ ആനുപാതിക ലൈസന്‍സ് ഫീസ് അടുത്ത വര്‍ഷത്തെ ലൈസന്‍സ് ഫീസില്‍ കുറവ് ചെയ്യും. അബ്കാരി കുടിശ്ശിക പിരിച്ചെടുക്കുന്നതിനു പൂര്‍ണമായി പലിശ ഇളവ് നല്‍കിയും മുതല്‍തുകയില്‍ ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കിയും ആംനസ്റ്റി സ്‌കീം (ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി) നടപ്പിലാക്കും.
കള്ളു ചെത്ത് വ്യവസായ വികസന ബോര്‍ഡ് അടുത്തവര്‍ഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും. കള്ളിന്റെ ഉൽപാദനവും അന്തര്‍ജില്ല/അന്തര്‍ റേഞ്ച് നീക്കവും നിരീക്ഷിക്കുന്നതിനു ട്രാക്ക് ആൻഡ് ട്രെയ്സ് സംവിധാനം ഏര്‍പ്പെടുത്തും. മദ്യ ഉൽപാദനവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങള്‍ കെഎസ്ബിസി ആരംഭിക്കുമെന്നും മദ്യനയത്തിൽ പറയുന്നു.