തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന് സർക്കാർ അനുവദിച്ച 130 കോടിയുടെ ഗ്രാന്റ് ധനകാര്യ വകുപ്പ് തടഞ്ഞു. ഇതിനൊപ്പം വർധിപ്പിച്ച ആന്വിറ്റിയായ 10 കോടിയും ഇതുവരെ നൽകിയില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് ബജറ്റിൽ ഗ്രാന്റ് പ്രഖ്യാപിച്ചത്. ശബരിമല സ്ത്രീപ്രവേശനവും കൊവിഡും കാരണം തിരവുവിതാംകുർ ദേവസ്വം ബോർഡിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴാണ് സർക്കാർ പ്രത്യേക ഗ്രാന്റ് പ്രഖ്യാപിച്ചത്. 2021-22 ലെ ബജറ്റ് പ്രസംഗത്തിലായിരുന്നു ഇത്. 2020-21 ൽ 118 കോടിയുടെ സാമ്പത്തിക സഹായം നൽകിയെന്നും 2021-22 ൽ 150 കോടിയുടെ ഗ്രാന്റ് അനുവദിക്കുന്നുമെന്നുമായിരുന്നു ബജറ്റിൽ വ്യക്തമാക്കിയത്. 1949 ൽ ദേവസ്വം ബോർഡ് രൂപീകൃതമായപ്പോൾ വസ്തുക്കൾ സർക്കാർ ഏറ്റെടുത്തിരുന്നു. ഇതിനു പകരമായി വാർഷിക ആന്വിറ്റിയായി 46 ലക്ഷം രൂപ ബോർഡിന് നൽകിയിരുന്നു.
2020-21 വരെ 80 ലക്ഷം രൂപയായി മാത്രമാണ ഇതു വർധിപ്പിച്ചത്. ഈ പോരായ്മ പരിഹരിക്കാനായി വാർഷിക ആന്വിറ്റി 10 കോടി രൂപയായി വർധിപ്പിച്ചതായും ബജറ്റിൽ വ്യക്തമാക്കി. എന്നാൽ 150 കോടിയുടെ ഗ്രാന്റ് വാഗ്ദാനത്തിൽ 20 കോടി രൂപ മാത്രമാണ് ബോർഡിന് ഇതുവരെ ലഭിച്ചത്. ബാക്കി തുക നൽകണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് കത്തു നൽകിയെങ്കിലും ഫലമുണ്ടായില്ല. റവന്യൂ ദേവസ്വം വകുപ്പിൽ നിന്ന് ധനകാര്യ വകുപ്പുലേക്ക് അയച്ച ഫയൽ ധനകാര്യ വകുപ്പ് തടയുകയായിരുന്നു. സാമ്പത്തിക വർഷം ഇന്ന് തീരാനിരിക്കെ ഗ്രാന്റ് പ്രഖ്യാപനം വാഗ്ദാനത്തിൽ മാത്രമായി ഒതുങ്ങും. സാമ്പത്തിക പ്രതിസന്ധിയാണ് തുക അനുവദിക്കാൻ തടസമായി ധനകവുപ്പ് വ്യക്തമാക്കുന്നു. ഇതോടൊപ്പമാണ് വർധിപ്പിച്ച ആന്വിറ്റിക്കായി ദേവസ്വം ബോർഡ് സർക്കാരിനെ സമീപിച്ചത്. എന്നാൽ ഇതും നൽകിയില്ല. മാത്രമല്ല എല്ലാ വർഷവും നൽകിയിരുന്ന 80 ലക്ഷം രൂപയും ഇതുവരെ നൽകിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.