തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായ ഇന്നു ബില്ലുകൾ പാസാക്കാൻ ട്രഷറിയിലും ആധാരങ്ങൾ റജിസ്റ്റർ ചെയ്യാൻ സബ് റജിസ്ട്രാർ ഓഫിസുകളിലും വലിയ തിരക്ക്. വ്യാഴാഴ്ച മാത്രം 1000 കോടിയോളം രൂപയാണ് ട്രഷറി ചെലവിട്ടത്.
വെള്ളിയാഴ്ച മുതൽ ഭൂമി ന്യായവില 10% വർധിക്കുന്നതു കാരണം കുറഞ്ഞ നിരക്കിൽ ഭൂമി റജിസ്റ്റർ ചെയ്യാൻ എണ്ണായിരത്തോളം ആധാരങ്ങളാണ് ഇന്നു വിവിധ സബ് റജിസ്ട്രാർ ഒാഫിസുകളിലായി എത്തിയത്. സാധാരണ ഒരു ദിവസം ശരാശരി 4000 ആധാരങ്ങളാണ് സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യുന്നത്.
നികുതി, ഫിറ്റ്നസ്, റജിസ്ട്രേഷൻ ചെലവുകൾ ഏപ്രിൽ ഒന്നു മുതൽ കൂടുന്നതിനാൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ പൂർത്തിയാക്കാനും വലിയ തിരക്കായിരുന്നു. അതേസമയം, സംസ്ഥാനത്തിന്റെ പദ്ധതി വിഹിതം വ്യാഴാഴ്ച 85.82 ശതമാനത്തിലെത്തി. എങ്കിലും പ്രധാന വകുപ്പുകൾ പലതും 80% തുക പോലും വ്യാഴാഴ്ച വരെ ചെലവിട്ടിട്ടില്ല.
സാമ്പത്തിക വർഷം അവസാനിക്കെ ഇൗ മാസം മാത്രം 21,000 കോടിയോളം രൂപ സർക്കാർ ചെലവിട്ടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ബുദ്ധിമുട്ട് വരാതിരിക്കാൻ 4,000 കോടി രൂപ കടമെടുത്തിരുന്നു. മിക്കവാറും എല്ലാ ചെലവുകളും നിർവഹിക്കാൻ കഴിഞ്ഞു. സമയത്ത് ബില്ലുകൾ സമർപ്പിക്കാൻ കഴിയാത്തവർക്ക് പണം കൊടുക്കാനായിട്ടില്ല. അവർക്ക് 2022–23 സാമ്പത്തിക വർഷം ആദ്യം തുക നൽകുമെന്നും മന്ത്രി വ്യക്തമാക്കി.