പള്ളിക്കര: കുന്നത്തുനാട് താലൂക്കിനു കീഴിലെ കുന്നത്തുനാട് വില്ലേജ് ഓഫിസില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തത് ജനത്തെ ദുരിതത്തിലാക്കുന്നു. നിലവില്‍ രണ്ട് ജീവനക്കാരാണ് ഇവിടെയുള്ളത്. ജില്ലയില്‍ പ്രധാനപ്പെട്ട വരുമാനമുള്ള വില്ലേജ് ഓഫിസ് കൂടിയാണ് കുന്നത്തുനാട്. ഭൂമി ക്രയവിക്രയം നടക്കുന്ന പ്രദേശം കൂടിയാണിവിടം. വേണ്ടത്ര ഉദ്യോഗസ്ഥരില്ലാതായതോടെ നിരവധി ഫയലുകളാണ് കെട്ടിക്കിടക്കുന്നത്.
വര്‍ഷങ്ങളായി സ്‌പെഷല്‍ വില്ലേജ് ഓഫിസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇതിന് നാലുമാസമായി യു.ഡി ക്ലര്‍ക്ക്, എല്‍.ഡി ക്ലര്‍ക്ക്, സ്ലീപ്പര്‍ തസ്തികയിലും ആളില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും നടപടിയില്ല. സാധാരണ ഫയലുകള്‍ക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകള്‍, നിലം തരം തിരിക്കല്‍, കെട്ടിട അളവ്, നികുതി പിരിക്കല്‍, പട്ടയ ഭൂമിയുടെ അപേക്ഷ തുടങ്ങിയ നിരവധി ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്. ജനങ്ങൾക്ക് പലപ്രാവശ്യം ഓഫിസ് കയറി ഇറങ്ങേണ്ട അവസ്ഥയിലാണ്. ഇതിന് പുറമെ ഭൂമിയുടെ കരം അടക്കുന്നതിനും ജനങ്ങള്‍ എത്തുന്നുണ്ട്.
ഇന്‍ഫോപാര്‍ക്കിനോടും സ്മാര്‍ട്ട് സിറ്റിയോടും ചേര്‍ന്നുകിടക്കുന്ന വില്ലേജ് കൂടിയാണ് കുന്നത്തുനാട്. എസ്.എസ്.എല്‍.സി പരീക്ഷ കഴിയുന്നതോടെ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവക്ക് അപേക്ഷകര്‍ കൂടും. ഇതോടെ പ്രതിസന്ധി രൂക്ഷമാകും. അതിനാല്‍ എത്രയും വേഗം കുന്നത്തുനാട് വില്ലേജില്‍ വേണ്ടത്ര ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.