കോഴിക്കോട്: 61 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. നല്ലൂർ സ്വദേശി പ്രജോഷ് (43), കുണ്ടായിത്തോട് സ്വദേശി വിനീഷ് (35) എന്നിവരാണ് ഫറോക്ക് എക്സൈസ് റേഞ്ച് പാർട്ടിയുടെ പിടിയിലായത്. 53 കുപ്പി മദ്യവും സ്കൂട്ടറുമായി പ്രജോഷിനെ നല്ലൂർ അങ്ങാടിയിൽ നിന്നാണു പിടികൂടിയത്. എട്ട് കുപ്പി മദ്യവുമായി വിനീഷിനെ കുണ്ടായിത്തോടിൽ നിന്നാണു പിടികൂടിയത്.
നല്ലൂർ, കുണ്ടായിത്തോട് ഭാഗങ്ങളിൽ വിദേശ മദ്യം രഹസ്യമായി സൂക്ഷിച്ചു വൻ വിലയ്ക്കു നൽകുന്നതായി എക്സൈസിനു പരാതി ലഭിച്ചിരുന്നു. വിഷുവിന് വിൽക്കാൻ മദ്യം സൂക്ഷിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഫറോക്ക് എക്സൈസ് സംഘം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നല്ലൂർ, കുണ്ടായിത്തോട് ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഇതിനിടെയാണു മദ്യവുമായി പ്രജോഷും വിനീഷും പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ കെ. സതീശൻ, പ്രിവന്റീവ് ഓഫിസർമാരായ പ്രവീൺ ഐസക്ക്, ടി. ഗോവിന്ദൻ സിവിൽ എക്സൈസ് ഓഫിസർമാരായ ദിനോബ്, വിനു വിൻസന്റ്, ഡ്രൈവർ ഹിതിൻ ദാസ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.