ബെംഗളൂരു: മാധ്യമപ്രവർത്തകയായിരുന്ന കാസർകോട് സ്വദേശിനി ശ്രുതി ബെംഗളൂരുവില്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബെംഗളൂരു പൊലീസിന്റെ അന്വേഷണം ഇഴയുന്നു. കേസിലെ പ്രതി ശ്രുതിയുടെ ഭർത്താവ് തളിപ്പറമ്പ് സ്വദേശി അനീഷ് കോയാടിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾ ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. ഇതിനിടെ, ശ്രുതിക്ക് നീതി ലഭിക്കാനായി ജില്ലയിലെ എംഎൽഎമാർ നേതൃത്വം നൽകുന്ന കർമസമിതിയുടെ രൂപീകരണം കാസർകോട്ട് നടന്നു.
ശ്രുതി മരിച്ചിട്ട് രണ്ട് ആഴ്ച പിന്നിട്ടിട്ടും ഭർത്താവ് അനീഷ് കോയാടിനെ പിടികൂടാനാകാത്തത് കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. ശ്രുതിയുടെ മരണമൊഴിയായി കണക്കാക്കാവുന്ന വിധത്തിൽ മൂന്ന് ആത്മഹത്യാ കുറിപ്പുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം തെളിവുകളായി അവശേഷിക്കുമ്പോഴാണ് അനീഷ് ഒളിവിലാണെന്ന് ബെംഗളൂരു പൊലീസ് വാദിക്കുന്നത്.
അന്വേഷണം ഇഴയുന്ന സാഹചര്യത്തിലാണ് വിവിധ രാഷ്ട്രീയ പാർട്ടികളെയും സാമൂഹ്യ പ്രവർത്തകരെയും പങ്കെടുപ്പിച്ച് പ്രത്യേക കർമസമിതി രൂപീകരിച്ചത്. കാഞ്ഞങ്ങാട് എംഎൽഎയും മുൻ മന്ത്രിയുമായ ഇ. ചന്ദ്രശേഖരനുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് കർമസമിതി രൂപീകരിച്ചത്.
മാധ്യമപ്രവര്‍ത്തകരും പരിസ്ഥിതി പ്രവർത്തകരും സാഹിത്യ, സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെയുള്ളവർ ഈ കേസിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റവാളിയെ ശിക്ഷിക്കണമെന്ന കാര്യത്തിൽ ഒരേ അഭിപ്രായക്കാരാണെന്ന് ഇ. ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് കർമസമിതി രൂപീകരിച്ചത്. ഇനി കർമസമിതിയുടെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രി വഴി നേരിട്ട് കേസിന്റെ കാര്യം കർണാടക സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. അങ്ങനെ ഊർജിതമായ അന്വേഷണത്തിലൂടെ കുറ്റവാളിയെ നിയമത്തിന്റെ മുന്നിലെത്തിക്കാനുള്ള ശ്രമം കർമസമിതി തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
രാജ്യാന്തര വാർത്താ ഏജൻസിയിൽ മാധ്യമപ്രവർത്തകയായ ശ്രുതിയെ രണ്ടാഴ്ച മുൻപാണ് ബെംഗളൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരു സിദ്ധാപുര നല്ലൊരുഹല്ലി വൈറ്റ്ഫീൽഡ് മേയ് ഫെയർ ഫ്ലാറ്റിലെ താമസ സ്ഥലത്താണു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എഴുത്തുകാരനും യുക്തിവാദി നേതാവും റിട്ട.അധ്യാപകനുമായ നാരായണൻ പേരിയയുടെയും റിട്ട.അധ്യാപിക ബി.സത്യഭാമയുടെയും മകളാണ് ശ്രുതി.
ശ്രുതി ആത്മഹത്യ ചെയ്യാൻ ഇടയായത് ഭർത്താവിന്റെ കടുത്ത മാനസികവും ശാരീരികവുമായ ക്രൂര പീഡനം കാരണമാണെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണം ശരിവയ്ക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്. തുടർന്ന് ഭർത്താവ് ബെംഗളൂരുവിൽ സോഫ്റ്റ്‍വെയർ എൻജിനീയർ ആയ തളിപ്പറമ്പ് ചുഴലി സ്വദേശി അനീഷിനെതിരെ സ്ത്രീപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ബെംഗളൂരു സിറ്റി പൊലീസ് കേസെടുത്തു.