വടകര: താലൂക്ക് ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പിടിയിലായ ആന്ധ്രപ്രദേശ് സ്വദേശി സതീഷ് നാരായണന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. നാലാമത്തെ കേസിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.മറ്റ് മൂന്ന് കേസുകളിൽ കഴിഞ്ഞ ദിവസം സതീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ലാൻഡ് അക്വിസിഷൻ ഓഫിസും ജില്ല വിദ്യാഭ്യാസ ഓഫിസും എൽ.ഐ.സി ഓഫിസും സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലെ തീപിടിത്തത്തിലും സതീഷ് പ്രതിയാണെന്ന് പോലീസ് പറയുന്നത്. താലൂക്ക് ഓഫിസ് തീപിടിത്തത്തിന് പിന്നാലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടുന്നത്. താലൂക്ക് ഓഫീസ് കെട്ടിടത്തിൽ രാത്രി കിടക്കാനായി എത്തിയപ്പോൾ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചെന്ന് സതീഷ് പോലീസിന് മൊഴി നൽകിയിരുന്നു.
താലൂക്ക് ഓഫീസിൽ നിന്ന് രണ്ട് പേനകൾ എടുത്തതായി പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതിൽ ഒരു പേന സതീഷിന്‍റെ പോക്കറ്റിൽ നിന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. എന്നാൽ തീവെപ്പിന് സർക്കാർ ഓഫിസുകൾ ഇയാൾ തെരഞ്ഞെടുത്തത് ദുരൂഹതയുണ്ട്. കണ്ണൂരിലും വില്യാപ്പള്ളിയിലും ഇയാൾക്ക് ബന്ധുക്കളുണ്ട്. വില്യാപ്പള്ളിയിലുള്ള ആളെ പോലീസ് വിളിപ്പിച്ചെങ്കിലും വർഷങ്ങളായി ഇയാളുമായി ബന്ധം പുലർത്തുന്നില്ലെന്നാണ് പോലീസിന് മൊഴി നൽകിയത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് വടകര പഴയ സ്റ്റാൻഡിന് സമീപത്തെ താലൂക്ക് ഓഫിസ് കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ മുക്കാൽ ഭാഗവും ഓഫിസ് ഫയലുകളും രേഖകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചിരുന്നു.