തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയ ആറ് യുവാക്കളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഇനി ഒരാളെയും ഒരു ബൈക്കും പിടികൂടാനുണ്ട്. രണ്ട് ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. അഭ്യാസ പ്രകടനം നടത്തിയ ഏഴ് പേരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരെന്ന് കുന്നംകുളം പോലീസ് പറയുന്നു. കുന്നംകുളം അയിനൂര്‍ സ്വദേശികളാണ് പിടിയിലായത്. അയിനൂര്‍ സ്വദേശികളായ സുഷിത്ത്, നിഖില്‍ ദാസ്, അതുല്‍, അഷിത്ത്, മുഹമ്മദ് യാസിന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ അര്‍ധരാത്രിയിലാണ് കെഎസ്ആര്‍ടിസിക്ക് മുന്നിലാണ് മൂന്ന് ബൈക്കുകളിലായി യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. തൊട്ടില്‍പ്പാലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ബസ്സിന് മുന്നില്‍ പെരുമ്പിലാവ് മുതല്‍ കുന്നംകുളം വരെയാണ് ഏഴ് യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബസ്സില്‍ കല്ലുകൊണ്ടും കൈ കൊണ്ടും ഇടിച്ച സംഘം സ്ത്രീ യാത്രക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവും നടത്തി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. എന്തോ ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായതെന്ന് കെഎസ്ആര്‍ടിസി ഡ്രൈവറും യാത്രക്കാരും പറയുന്നു.
ഇന്നലെ രാത്രി 7.30 നാണ് തൊട്ടില്‍പാലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പര്‍ഫാസ്റ്റ് ബസ് പുറപ്പെട്ടത്. പൊതുപരിപാടികളുടെ ഭാഗമായി ഗതാഗതക്കുരുക്കില്‍ കുടുങ്ങി രണ്ട് മണിക്കൂര്‍ വൈകിയാണ് ബസ്സ് ഓടിയിരുന്നത്. രാത്രി ഒരു മണിയായിയോടെയായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. ബൈക്കിലുണ്ടായിരുന്നവര്‍ കെഎസ്ആര്‍ടിസി ബസ്സിനെ വട്ടം വെച്ച് യാത്ര തുടര്‍ന്നു. മൂന്ന് ബൈക്കുകളും ബസ്സിനോട് അടുപ്പിച്ച് കല്ലുകൊണ്ടും കൈ കൊണ്ടും അടിച്ചു. ഈ സമയം ബസ്സില്‍ 80 ല്‍ അധികം യാത്രാക്കാര്‍ ഉണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമുള്ളവരും നല്ല ഉറക്കത്തിലായിരുന്നു. ബസ്സിന്‍റെ യാത്ര തടസ്സപ്പെടുത്തിയവര്‍ യാത്രക്കാര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെ അസഭ്യവര്‍ഷം നടത്തി.
പുറത്തുവന്ന ദൃശ്യങ്ങളില്‍ അഭ്യാസ പ്രകടനം നടത്തി ബൈക്കുകളുടെ നമ്പര്‍ വ്യക്തമാണ്. ബസ് നിയന്ത്രണം വിടുന്ന രീതിയിലായിരുന്നു അഭ്യാസമെന്ന് ഡ്രൈവർ പറയുന്നു. കുന്നംകുളം പൊലീസില്‍ രാത്രി തന്നെ വിവരം അറിയിച്ചിരുന്നു. തിരിച്ചുപോകുമ്പോള്‍ പരാതി എഴുതി നല്‍കുമെന്നും ബസ് ഡ്രൈവര്‍ പറഞ്ഞു.